പെർത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഡേവിഡ് മലാന്റെ സെഞ്ചുറി കരുത്തിൽ ആദ്യ ദിനം ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എന്ന നിലയിലാണ്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ മലാൻ 110 റണ്‍സുമായി ക്രീസിലുണ്ട്. 75 റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയിർസ്റ്റോ കൂട്ടിനുണ്ട്.
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടിന് ഈ മത്സരം നിർണ്ണായകമാണ്.

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നല്ല തുടക്കമല്ല ലഭിച്ചത്. 7 റൺസ് എടുത്ത അലൈസ്റ്റർ കുക്കിനെ മിച്ചൽ സ്റ്റാർക്ക് നേരത്തെ മടക്കി. 63 റൺസ് എടുത്ത മാർക്ക് സ്റ്റോൺമാനാണ് ഇംഗ്ലീഷ് സ്കോർ 100 കടത്തിയത് എന്നാൽ ജോ റൂട്ടിനും ജെയിംസ് വിൻസിനും തിളങ്ങാനായില്ല. 131/4 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഡേവിഡ് മലാൻ – ജോണി ബേസ്റ്റോവ് കൂട്ടുകെട്ടാണ് രക്ഷിച്ചത്.

15 ഫോറും ഒരു സിക്സും പറത്തിയാണ് മലാൻ കന്നി സെഞ്ചുറി പൂർത്തിയാക്കിയത്. ബേസ്റ്റോവ് 10 ബൗണ്ടറികൾ നേടി. ഇരുവരും അഞ്ചാം വിക്കറ്റിൽ ഇതുവരെ 174 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ