ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് പത്ത് വിക്കറ്റ് ജയം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് ലീഡായ 170 റൺസ് പിന്തുടർന്ന ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ വാര്‍ണറും (87) ബാംക്രോഫ്റ്റും (82) പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 പിന്തുടർന്ന ഓസീസ് സ്മിത്തിന്റെ പ്രകടനത്തിന്റെ മികവിലാണ് 26 റൺസിന്റെ ലീഡ് നേടിയത്. ജയിംസ് വിൻസ് (83), ഡേവിഡ് മലാൻ (56) എന്നിവരുടെ അർധ സെഞ്ചുറി പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടത്തിയത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ഒന്നൊന്നായി തകർന്നുവീണു. 76 റൺസിനിടയിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. വെറും 195 റൺസിന് എല്ലാവരും പുറത്തായി. 169 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് ഓസീസിന് മുന്നിൽ വച്ചത്.
ഇതോടെ ഗാബ മൈതാനത്തെ ടെസ്റ്റ് പരമ്പര വിജയം ഓസീസ് ആവർത്തിച്ചു. 29 വർഷം മുൻപ് വെസ്റ്റ് ഇന്റീസിനോട് തോറ്റ ശേഷം ഓസീസിന് ഇവിടെ ഒറ്റ മത്സരം പോലും തോറ്റിട്ടില്ല.