ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിനരികെ. 170 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ നാലാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 114 റൺസ് എടുത്തിട്ടുണ്ട്. അഞ്ചാം ദിനമായ നാളെ 56 റൺസ് കൂടി നേടിയാൽ ഓസ്ട്രേലിയക്ക് ആദ്യ വിജയം സ്വന്തമാക്കാം.

നാലാം ദിനം കൂറ്റൻ ലീഡിനായി ഇറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മുൻനിര വിക്കറ്റുകൾ വീഴ്ത്തി നൈഥൻ ലിയോണും ജോഷ് ഹൈസൽവുഡും ഇംഗ്ലണ്ടിനെ തകർക്കുകയായിരുന്നു. 51 റൺസ് എടുത്ത നായകൻ ജോ റൂട്ട് മാത്രമാണ് അൽപ്പമെങ്കിലും ചെറുത്ത് നിന്നത്.

വാലറ്റത്ത് മൊയീൻ അലിയും ബെയ്സ്റ്റോവും നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന്റെ ലീഡ് 100 കടത്തിയത്. മൊയീൻ അലി 40 റൺസും, ബെയ്സ്റ്റോവ് 42 റൺസും എടുത്താണ് പുറത്തായത്. വാലറ്റത്തെ മിച്ചൽ സ്റ്റാർക്ക് തകർത്ത് വിട്ടതോടെ ഇംഗ്ലണ്ട് 195 റൺസിന് പുറത്താവുകയായിരുന്നു. 3 വിക്കറ്റാണ് മിച്ചൽ സ്റ്റാർക്ക് വീഴ്ത്തയത്.

ഇംഗ്ലണ്ട് സമ്മാനിച്ച 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ച കളിച്ച ഡേവിഡ് വാർണർ ഓസ്ട്രേലിയക്ക് തകർപ്പൻ തുടക്കം നൽകി. 86 പന്തിൽ പുറത്താകാതെ 60 റൺസാണ് വാർണർ നേടിയിട്ടുള്ളത്. മറുവശത്ത് ആഷസിൽ അരങ്ങേറ്റം കുറിക്കുന്ന ബാൻകോഫ്റ്റ് 51 റൺസോടെ പുറത്താകാതെ നിൽക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ