പെർത്ത്: പെർത്ത് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 41 റൺസിനുമാണ് കങ്കാരുപ്പട തകർത്ത് വിട്ടത്. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചുറി നേടിയ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. 5 മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ 3 ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ ആഷസ് ട്രോഫി തിരിച്ച് പിടിക്കുകയും ചെയ്തു.

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് 218 റൺസിനാണ് പുറത്തായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹൈസൽവുഡാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. പാറ്റ് കമ്മിൻസും നഥാൻ ലയണും രണ്ട് വീതം വിക്കറ്റുകൾ നേടി.

ജയിംസ് വിൻസ് (55), ഡേവിഡ് മലാൻ (54) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ പൊരുതി നിന്നത്. മറ്റാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. അവസാന ദിവസം മഴയും പിച്ച് വിവാദവുമെല്ലാം മൽസരം ആരംഭിക്കുന്നതിനു തടസ്സം കുറിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഒടുവില്‍ പ്രതിസന്ധികളെ മറികടന്ന് ആഷസ് സ്വന്തമാക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിക്കുകയായിരുന്നു. പിച്ചിലെ നനവ് കാരണം മത്സരം അവസാന ദിവസം തുടങ്ങുവാന്‍ ഏറെ വൈകുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും കോച്ച് ട്രെവര്‍ ബേലിസ്സും അമ്പയര്‍മാരോട് പിച്ചിനെ സംബന്ധിച്ചുള്ള അതൃപ്തി അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ