മെൽബൺ: ആഷസ് പരമ്പര കൈവിട്ടെങ്കിലും മാനംകാക്കാനുള്ള പോരാട്ടത്തിൽ ഇംഗ്ലീഷ്‌ പട. പരമ്പരയിലെ നാലാം ടെസ്റ്റിൽ ജയത്തിനായി ഓസ്ട്രേലിയക്കെതിരെ പൊരുതുകയാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 327 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിലാണ്. ഓപ്പണർ അലൈസ്റ്റർ കുക്കിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിന്രെ കുതിപ്പ്.

രണ്ടാം ദിനം കൂറ്റൻ സ്കോർ നേടാമെന്ന ഓസ്ട്രേലിയൻ മോഹത്തെ സ്റ്റുവർട്ട് ബ്രോഡാണ് തകർത്തത്. ഓസ്ട്രേലിയൻ വാലറ്റത്തെ തകർത്ത് ബ്രോഡ് കങ്കാരുക്കളെ 327 റൺസ് എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. ബ്രോഡ് നാലും ആൻഡേഴ്സൺ 3 വിക്കറ്റും വീഴ്ത്തി. 103 റൺസ് എടുത്ത ഡേവിഡ് വാർണ്ണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് 76 റൺസും ഷോൺ മാർഷ് 61 റൺസും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽത്തന്നെ മാർക്ക് സ്റ്റോണിമെനെ നഷ്ടപ്പെട്ടു. 15 റൺസ് എടുത്ത സ്റ്റോണിമനെ നൈതൻ ലിയോണാണ് പുറത്താക്കിയത്. എന്നാൽ ആക്രമിച്ച് കളിച്ച അലൈസ്റ്റർ കുക്ക് ഇംഗ്ലണ്ടിനെ നയിച്ചു. 17 റൺസ് എടുത്ത ജെയിംസ് വിൻസിനെ പിന്നാലെ നഷ്ടപ്പെട്ടെങ്കിലും കുക്ക് കുലുങ്ങിയില്ല. നായകൻ ജോ റൂട്ടിനെ കൂട്ടിപിടിച്ച് പ്രത്യാക്രമണം നടത്തിയ കുക്ക് കരിയറിലെ തന്റെ 32-ാം സെഞ്ചുറിയും കുറിച്ചു.

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 104 റൺസുമായി കുക്കും, 49 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ