അബുദാബി: അശ്രദ്ധ കൊണ്ട് സംഭവിച്ച ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വിചിത്രമായ റണ്ണൗട്ടിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പാക് താരം അസർ അലി. തന്റെ കുട്ടികള്‍ക്ക് ആജീവനാന്തകാലത്തേക്ക് തന്നെ കളിയാക്കാനുള്ള കാര്യമായെന്നായിരുന്നു അലിയുടെ പ്രതികരണം.

തമാശ രൂപേണയായിരുന്നു അസർ അലിയുടെ റണ്ണൗട്ടിനെകുറിച്ച് പ്രതികരിച്ചത്. റൺ ഔട്ട് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുമെന്ന് തനിക്ക് അറിയാം. പ്രത്യേകിച്ച് വീട്ടിൽ തിരിച്ചെത്തുമ്പോൾ. തന്റെ ആണ്‍മക്കള്‍ക്ക് തമാശയായി അതിനെ കുറിച്ച് ധാരാളം കാര്യങ്ങള്‍ ചോദിക്കാനുണ്ടാകും.

ഇനി മക്കളോട് തനെന്തു പറഞ്ഞാലും അവര്‍ തിരിച്ച് ഈ സംഭവം എടുത്തിട്ടായിരിക്കും നേരിടുകയെന്നും അലി കൂട്ടിച്ചേർത്തു. ഇത്തരമൊരു റണ്ണൗട്ട് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും. ആ സമയം പന്തിന്റെ അധിക സ്വിംഗിനെ കുറിച്ചാണ് താനും ആസാദ് ഷഫീഖും സംസാരിച്ചതെന്നും പാക് താരം പറഞ്ഞു.

ഓസ്ട്രേലിയ – പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പാക്കിസ്ഥാൻ ക്രിക്കറ്റിന് ആകെ നാണക്കേടായ അസർ അലിയുടെ പുറത്താകൽ. പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 52-ാം ഓവറിലാണ് സംഭവം. പീറ്റർ സിഡിൽ എറിഞ്ഞ പന്ത് അസർ അലിയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടി തേർഡ് മാനിലേക്ക്. പന്ത് ബൗണ്ടറി എത്തി എന്ന് കരുതി പിച്ചിന്റെ നടുവിലേക്കിറങ്ങിയ അസർ മറുവശത്തുണ്ടായിരുന്ന ആസാദ് ഷെഫീക്കുമായി സംസാരം ആരംഭിച്ചു.

എന്നാൽ പന്ത് ബൗണ്ടറി കടന്നിട്ടില്ലായിരുന്നു. പിന്നാലെ ഓടിയെത്തിയ മിച്ചൽ സ്റ്റാർക്ക് പന്ത് അതിവേഗം ഓസ്ട്രേലിയൻ നായകൻ കൂടിയായ ടിം പെയ്നിന് എറിഞ്ഞു നൽകി. ഏറെ താമസിക്കാതെ തന്നെ പെയ്ൻ ബെയ്ൽസിളക്കി. അസർ അലി പുറത്തായെന്ന് അമ്പയർ വിധിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook