ജക്കാര്‍ത്ത: സമീപ കാലത്തായി ഇന്ത്യന്‍ അത്ലറ്റിക്സില് വളര്‍ന്നു വന്ന താരമാണ് ഹിമ ദാസ്. ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഹി. 400 മീറ്ററിലും 200 മീറ്ററിലും ഹിമ മെഡല്‍ നേടുമെന്ന് ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിച്ചു. 400 മീറ്ററില്‍ വെള്ളി നേടി ഹിമ ആ പ്രതീക്ഷ കാക്കുകയും ചെയ്തു. ഇതോടെ 200 ലേക്കായി രാജ്യത്തിന്റെ ശ്രദ്ധ. എന്നാല്‍ 200 മീറ്ററിന്റെ ഫൈനലിലെത്താന്‍ ഹിമയ്ക്ക് സാധിച്ചില്ല.
സെമി ഫൈനലില്‍ ഫോള്‍സ് സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് 18 കാരിയായ ഹിമയെ അയോഗ്യയാക്കുകയായിരുന്നു. എന്നാല്‍ തന്റെ മോശം തുടക്കത്തിന് കാരണം അസമില്‍ നിന്നുമുള്ള രണ്ട് പേരാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിമ. അവര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും ഇതാണ് തന്റെ തുടക്കം ഫൗള്‍ ആകാന്‍ കാരണമെന്നും ഹിമ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
അതേസമയം, തന്റെ നാട്ടുകാരായ ആ രണ്ടു പേരുടെ പേരുകള്‍ പറയാന്‍ ഹിമ തയ്യാറായില്ല. 4X400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി നേടിയ ശേഷം ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഹിമയുടെ ആരോപണം. തന്റെ ആദ്യകാല പരിശീലകരായ നിപ്പോണ്‍ ദാസ്, നബ്ജിത് ദാസ് എന്നിവര്‍ക്കൊപ്പമെത്തിയാണു ഹിമ ആരോപണമുന്നയിച്ചത്.
‘ഞാന്‍ അതിഭയങ്കരമായ സമ്മര്‍ദത്തിലായിരുന്നു. ഒരു താരവും അങ്ങനെയൊരു സമ്മര്‍ദത്തിലൂടെ കടന്നുപോകില്ല. ചിലരുടെ ചില പ്രസ്താവനകള്‍ എന്നെ വല്ലാതെ ബാധിച്ചു. അതെന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തി. എന്റെ ഏകാഗ്രത നഷ്ടപ്പെട്ടു. അവരുടെ പേരുകള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. എന്നെ സമ്മര്‍ദ്ദത്തിലാക്കിയത് അസമില്‍ നിന്നുള്ള രണ്ടു പേരാണ്.’ ഹിമ പറയുന്നു.
രാത്രി വൈകി നടക്കേണ്ട 4X400 മീറ്റര്‍ മിക്സ്ഡ് റിലേയില്‍ ഇറങ്ങേണ്ടതിനാല്‍ ഇന്ത്യന്‍ ക്യാമ്പിന്റെ നിര്‍ദേശപ്രകാരം ഹിമ മനഃപൂര്‍വം ഫോള്‍സ് സ്റ്റാര്‍ട്ടാക്കി എന്നും ആരോപണങ്ങളുണ്ട്. അതേസമയം, 200 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെള്ളി നേടി. 23.20 സെക്കന്റിലാണ് ദ്യുതി ഫിനിഷ് ചെയ്തത്. 100 മീറ്ററിലും ദ്യുതി വെള്ളി നേടിയിരുന്നു.