2022 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ നടത്താൻ ഒരുങ്ങുകയാണെന്ന് വിവരം. ക്രിക്കറ്റ് ബോർഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി ബിസിസിഐ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ വർഷവും ഐപിഎൽ വിദേശത്തായിരിക്കുമോ എന്ന ചോദ്യത്തിന്, “ഇത് ഇന്ത്യയിൽ ആയിരിക്കും.” എന്ന് ബിസിസിഐലെ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം കുറയുകയും സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മറ്റു അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ, ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽ സംഘടിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിസിസിഐ.
കഴിഞ്ഞ രണ്ട് വർഷമായി യുഎഇയിലാണ് ടൂർണമെന്റ് നടന്നത്. കോവിഡ് മൂലം മാറ്റിവയ്‌ക്കേണ്ടി വരുന്നതിന് മുൻപ് 2021 ഐപിഎല്ലിലെ 29 മത്സരങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു, പിന്നീടാണ് യുഎഇയിലേക്ക് മാറ്റിയത്. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തിൽ നിന്ന് ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്ന് ബിസിസിഐ കരുതുന്നു. വൈറസിന്റെ ഒമിക്രോൺ വകഭേദം കുറഞ്ഞുവരികയാണ്, കൂടാതെ കൂടുതൽ ആളുകളും രണ്ടു സ്വീകരിച്ചു കഴിഞ്ഞു. ജനുവരി മുതൽ 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ബിസിസിഐ ദക്ഷിണാഫ്രിക്ക ഒരു ബാക്കപ്പ് ഓപ്ഷനായി വെച്ചിരുന്നു, കോവിഡിന്റെ മൂന്നാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ, വീണ്ടും ഐപിഎൽ ഇന്ത്യയിൽ നിന്ന് മാറ്റേണ്ടി വരുമെന്ന് കരുതിയിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി.
ഏകദേശം രണ്ടാഴ്ച മുമ്പ്, ഫ്രാഞ്ചൈസി ഉടമകളുമായുള്ള ഐപിഎൽ ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിൽ, ഈ വർഷം ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്താമെന്ന് തീരുമാനിച്ചു, എന്നാൽ വിമാന യാത്ര ഒഴിവാക്കുന്നതിന് മഹാരാഷ്ട്രയിൽ മാത്രമായി സംഘടിപ്പിക്കണമെന്നായിരുന്നു ഉടമകൾക്ക് ഇടയിലെ ധാരണ.
മഹാരാഷ്ട്രയിൽ നാല് വേദികളുണ്ട്, മൂന്നെണ്ണം മുംബൈയിലും മറ്റൊന്ന് പൂണെയിലും. രണ്ട് വർഷത്തോളം യുഎഇയിലെ മൂന്ന് വേദികളിലയാണ് ഐപിഎൽ വിജയകരമായി നടത്തിയത്. ലേലത്തിന് മുമ്പ് വേദി തീരുമാനിച്ചാൽ അതനുസരിച്ചു അവരുടെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് ഫ്രാഞ്ചൈസി ഉടമകൾ പറഞ്ഞിരുന്നു. ഫെബ്രുവരി 12, 13 തീയതികളിലായി ബാംഗ്ലൂരിലാണ് സമ്പൂർണ ലേലം നടക്കുക.
Also Read: വിരാട് കോഹ്ലിയുടെ ഫോം ആശങ്കാവഹം: അജിത് അഗാര്‍ക്കര്‍
ലഖ്‌നൗ, അഹമ്മദാബാദ് എന്നി ഫ്രാഞ്ചൈസികൾ കൂടി വന്നതിനാൽ ഈ വർഷം ഐപിഎല്ലിന് രണ്ട് പുതിയ ടീമുകൾ കൂടിയുണ്ട്, ആകെ 74 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക. എന്നാൽ, മഹാരാഷ്ട്രയെ ഏക വേദിയായി തിരഞ്ഞെടുക്കണോ അതോ ടീമുകൾ അതത് ഹോം ഗ്രൗണ്ടുകളിൽ കളിക്കുന്ന സാധാരണ നിലയിലേക്ക് മടങ്ങണോ എന്ന് ബിസിസിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇങ്ങനെയാണെങ്കിൽ സംസ്ഥാന അസോസിയേഷനുകൾക്ക് നടത്തിപ്പ് തുകയായി. ഒരു മത്സരത്തിന് ഒരു കോടി രൂപ ലഭിക്കും. അത് ഫ്രാഞ്ചൈസിയും ബോർഡും തമ്മിൽ 50-50 ആയി പങ്കിട്ടെടുക്കും. സംസ്ഥാന അസോസിയേഷനുകൾ/അംഗങ്ങൾ എല്ലാം ബിസിസിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ ആയതിനാൽ, ഇതും പരിഗണനയിലുണ്ട്.
അന്താരാഷ്‌ട്ര മത്സരങ്ങൾക്കായും കാണികൾ വരികയാണ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള വരാനിരിക്കുന്ന മൂന്ന് ടി20 കളിൽ ഈഡൻ ഗാർഡൻസിൽ ശേഷിയുടെ 75 ശതമാനം കാണികളെ പശ്ചിമ ബംഗാൾ സർക്കാർ ഇന്നലെ അനുവദിച്ചു.