കാസര്‍ഗോഡ്: ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയുടെ ഇനി സ്വന്തം വീട്ടിലേക്ക്. സംസ്ഥാന കായിക വകുപ്പ് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന് ശനിയാഴ്ച നിര്‍വഹിക്കും.
10 ലക്ഷം രൂപ ചെലവിലാണ് ബങ്കളത്ത് താരത്തിനായി വീട് നിർമിച്ചതെന്ന് കായിക വകുപ്പ് അറിയിച്ചു . 2 മുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്രഅടി വ്സ്തൃതിയുള്ളതാണ് വീട്.
5 തവണ കേരളത്തിനു വേണ്ടി കളിച്ച ആര്യശ്രീ 2018ല്‍ സബ് ജൂനിയര്‍ വനിതകളുടെ സാഫ് ഗെയിംസില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നു. മംഗോളിയയിലും ഭൂട്ടാനിലും നടന്ന വനിതകളുടെ ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ജേഴ്സിയണിഞ്ഞു.
Read More News from IE Malayalam: പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; അറിയേണ്ടത്
ആര്യശ്രീയുടെ അച്ഛന് ഷാജുവിന് ലോട്ടറി വില്‍പ്പനയാണ് ജോലി. അമ്മ ശാലിനിക്ക് കൂലിപ്പണിയും. തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് ശാലിനിയുടെ അച്ഛന് നല്കിയ പത്ത് സെന്റ് സ്ഥലത്ത് ചെറിയൊരു ഷെഡിലാണ് താരവും കുടുംബവും താമസിച്ചിരുന്നത്.
ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. താരത്തിന്റെ കഷ്ടത മുന്‍ എംപി പി കരുണാകരന് അടക്കമുള്ളവർ മന്ത്രിയെ അറിയിക്കുകയും ആര്യശ്രീയ്ക്ക് വീടിനായി നിവേദനം നല്‍കുകയും ചെയ്തിരുന്നു. 2019 സെപ്റ്റംബറില്‍ കാസര്‍ഗോഡ് ഔദ്യോഗിക പരിപാടി കഴിഞ്ഞ് വരും വഴി നീലേശ്വരത്ത് ആര്യശ്രീയെയും കുടുംബത്തെയും മന്ത്രി ഇ പി ജയരാജന് സന്ദര്‍ശിച്ചിരുന്നു. കായിക വകുപ്പില്‍ നിന്നും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി ആര്യക്ക് അന്ന് വാക്കു നല്‍കിയിരുന്നു.