2019 ലെ ലോകകപ്പിനുളള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ഏവരും ഉറ്റുനോക്കുക ഒരേയൊരു പേരിലായിരിക്കും. വർഷങ്ങൾക്കുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടേതാണ് ആ പേര്. ധോണിയുടെ ഫോമിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതാണ് ധോണി അടുത്ത ലോകകപ്പിൽ കളിക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ടായത്.

ടി20 യിൽ നിന്നും ധോണിയെ ഒഴിവാക്കിയതോടെ ആരാധകരുടെ സംശയം വർധിച്ചു. യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ധോണിയെ ഒഴിവാക്കിയതെന്നായിരുന്നു സെലക്ടർമാർ പറഞ്ഞത്. സെലക്ടർമാരുടെ തീരുമാനത്തിൽ ഒരു ചോദ്യവും ഉയർത്താതെ ധോണി അംഗീകരിക്കുകയും ചെയ്തു. ടി20 യിൽനിന്നും ഒഴിവാക്കിയതുപോലെ ഏകദിനത്തിൽനിന്നും ധോണിയെ ഒഴിവാക്കുമോയെന്ന ആശങ്ക ഇപ്പോഴും ആരാധകർക്ക് നിലനിൽക്കുന്നുണ്ട്.

ലോകകപ്പിലെ ധോണിയുടെ സാന്നിധ്യത്തെക്കുറിച്ചുളള സംശയങ്ങൾ നിലനിൽക്കുമ്പോഴും ധോണിയുടെ മനസ്സിലെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്ത സുഹൃത്ത് അരുൺ പാണ്ഡ്യ. ”ലോകകപ്പിൽ കളിക്കുകയെന്നത് വർഷങ്ങളായി ധോണി മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതുമുതൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പാണ് ധോണിയുടെ സ്വപ്നം. അവിടെ അദ്ദേഹം ടീമിന്റെ ഒരു മാർഗ്ഗനിർദേശിയായിരിക്കും. കോഹ്‌ലിക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറാനുളള ഐഡിയയും ധോണിയുടേതായിരുന്നു. കോഹ്‌ലിക്ക് ക്യാപ്റ്റന്റെ റോളിലേക്ക് എത്തുന്നതിനുളള സമയം നൽകുന്നതിനുവേണ്ടിയായിരുന്നു ആ തീരുമാനം. അദ്ദേഹത്തിന്റെ ചിന്തയിൽ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല,” ധോണിയുടെ മേൽനോട്ടത്തിലുളള റിതി സ്പോർട്സ് സിഎംഡിയായ പാണ്ഡ്യ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

പാണ്ഡ്യയുടെ ഈ വെളിപ്പെടുത്തൽ അടുത്ത ലോകകപ്പിൽ ധോണി ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook