വേനല്‍കാല ട്രാന്‍സ്ഫറില്‍ ചിലിയന്‍ മധ്യനിര താരം ആര്‍ത്തുരോ വിഡാലിനെ സ്വന്തമാക്കി ബാഴ്‌സലോണ. ഇരുപത്തിയേഴ് മില്യണ്‍ യൂറോയ്ക്കാണ് ബയേണ്‍ മ്യൂണിക്കുമായി ധാരണയിലെത്തിയത്. 2015ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസില്‍ നിന്ന് റെക്കോര്‍ഡ് തുകയായ മുപ്പത്തി രണ്ട് മില്ല്യണ്‍ യൂറോയ്ക്കാണ് വിഡാല്‍ ബയേണിലെത്തുന്നത്.

സൂപ്പര്‍ താരം ഇനിയെസ്റ്റ ക്ലബ് വിട്ടതോടെ മധ്യനിരയില്‍ ഒരു പകരക്കാരനെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു ബാഴ്‌സലോണ. ഒന്നിലധികം പൊസിഷനുകളില്‍ തിളങ്ങാനുള്ള മികവാണ് വിഡാലിനെ സ്പാനിഷ് ഭീമന്മാരുടെ പാളയത്തിലേക്ക് എത്തിക്കുന്നത്.

യുവന്‍റസില്‍ ബോക്സ് റ്റു ബോക്സ് മിഡ്ഫീല്‍ഡറായി തിളങ്ങിയ ചിലിയന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും അറ്റാക്കിങ് റോളിലും മികവ് കാണിച്ചിട്ടുണ്ട്. വിങ്ങുകളില്‍ നിന്ന് ക്രോസ് കണ്ടെത്താനുള്ള മികവും മികച്ച പാസിങ് ഗെയിമും സെറ്റ് പീസിലെ മികവും ഈ മുപ്പത്തിയൊന്നുകാരനെ ലോകോത്തരമാക്കുന്നു. ടാക്ലിങ്ങിലുള്ള കൃത്യതയും ഒപ്പം വേഗതയും ചേര്‍ന്ന വിഡാലിന്റെ മികവ് ചിലിയെ രണ്ട് തവണ കോപ്പാ അമേരിക്കന്‍ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ആറ് ഗോളുകള്‍ നേടാനും അതിലേറെ ഗോളുകള്‍ക്ക് വഴിയൊരുക്കാനും വിഡാലിന് സാധിച്ചു. ബ്രസീലിയന്‍ പൗളീഞ്ഞോയെ ചൈനീസ് ക്ലബ്ബിന് ലോണ്‍ അടിസ്ഥാനത്തില്‍ നല്‍കിയ ബാഴ്‌സലോണയുടെ മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ ചിലിയന് സാധിക്കും.

ഫ്രഞ്ച് പ്രതിരോധ താരം ക്ലമന്റ് ലെംഗ്ലെറ്റ്, ബ്രസീലിയന്‍ താരങ്ങളായ ആര്‍തര്‍, മാല്‍ക്കം എന്നിവരെയും ബാഴ്‌സലോണ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ