ഏഷ്യ കപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ രണ്ടു തവണ നേർക്കുനേർ വന്നപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. പാക് ടീമിനെതിരെ അനായാസ ജയമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഇതിൽ പാക് ടീമും കോച്ചും അത്ര സന്തുഷ്ടരല്ല. ഇനിയൊരു അവസരം ലഭിച്ചാൽ ഇന്ത്യയോട് പകരം വീട്ടുമെന്നാണ് പാക് കോച്ച് മിക്കി ആർതർ പറഞ്ഞിരിക്കുന്നത്.

ഏഷ്യ കപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് രണ്ടു തോൽവിക്കും പകരം വീട്ടുമെന്നും പാക്കിസ്ഥാൻ കോച്ച് മിക്കി ആർതർ പറഞ്ഞു. ”ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പാക്കിസ്ഥാൻ തോൽപ്പിക്കും”, ആർതർ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ”ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് രണ്ടു മത്സരങ്ങളുടെയും തോൽവിക്ക് പകരം വീട്ടും”, അദ്ദേഹം വ്യക്തമാക്കി.

സൂപ്പർ ഫോറിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോൽക്കാനുണ്ടായ കാരണത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ”ഇന്ത്യൻ ബോളർമാരെ സമ്മർദ്ദത്തിലാക്കുന്നതിൽ ഞങ്ങളുടെ ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടു. ഇന്ത്യയുടെ വിക്കറ്റുകൾ നേരത്തെ വീഴ്ത്തേണ്ടതായിരുന്നു. പക്ഷേ ഫീൽഡിങ്ങിലെ പിഴവു മൂലം അത് നഷ്ടമായി. വിക്കറ്റുകൾ ആദ്യം തന്നെ വീഴ്ത്തിയിരുന്നുവെങ്കിൽ കളി മാറിയേനെ. അങ്ങനെയല്ലാതായപ്പോൾ ഇന്ത്യ വളരെ എളുപ്പത്തിൽ ഞങ്ങളെ തോൽപ്പിച്ചു”, ആർതർ പറഞ്ഞു.

ഇന്നു നടക്കുന്ന സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുക. മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാൽ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ പാക്കിസ്ഥാനായിരിക്കും. അങ്ങനെയെങ്കിൽ ഏഷ്യ കപ്പിന്റെ ഫൈനൽ തീപാറുമെന്നുറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook