22 വര്‍ഷത്തെ യാത്ര അവസാനിപ്പിച്ച് ആര്‍സന്‍ വെങ്ങര്‍ എന്ന വെങ്ങര്‍ ആശാന്‍ ആഴ്‌സണല്‍ വിടുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബിനോട് വിട പറയുമെന്ന് പത്രക്കുറിപ്പിലൂടെ വെങ്ങര്‍ തന്നെയാണ് അറിയിച്ചത്. 1996 ല്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത വെങ്ങറിന്റെ കീഴില്‍ മൂന്ന് വട്ടം പ്രീമിയല്‍ ലീഗ് കിരീടവും ഏഴ് വട്ടം എഫ്എ കപ്പും ആഴ്‌സണല്‍ നേടിയിട്ടുണ്ട്.

ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും സ്ഥാനമൊഴിയാന്‍ ഏറ്റവും യോജിച്ച സമയമാണിതെന്നും വെങ്ങര്‍ പത്രക്കുറിപ്പില്‍ പറയുന്നു. ഇത്രയും നാള്‍ ക്ലബ്ബിനെ പരിശീലിപ്പിക്കാന്‍ സാധിച്ചു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആത്മാര്‍ത്ഥതയോടെയും സന്തോഷത്തോടെയുമാണ് തന്റെ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ക്കും ടീം അധികൃതര്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നതായും പറഞ്ഞ വെങ്ങര്‍ താന്‍ എന്നും ടീമിനെ പിന്തുണയ്ക്കുമെന്നും ആരാധകരുടെ സ്‌നേഹം എന്നുമിതു പോലെ നിലനില്‍ക്കട്ടെയെന്നും ആശംസിച്ചു. അതേസമയം, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്ലേശകരമായ നിമിഷങ്ങളിലൊന്നാണിതെന്നാണ് ടീം ഉടമ സ്റ്റാന്‍ കോറെന്‍കെ പറഞ്ഞത്.

വെങ്ങറുടെ കീഴില്‍ ആഴ്‌സണല്‍ മൂന്ന് വട്ടം പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായപ്പോള്‍ അതിലൊരു സീസണ്‍ മുഴുവന്‍ ടീം അപരാജിതരായാണ് കുതിച്ചത്. ഉടനെ തന്നെ പകരക്കാരനെ കണ്ടെത്തുമെന്നും ടീം അധികൃതര്‍ അറിയിച്ചു. മുന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരിശീലകന്‍ തോമസ് ടച്ചെലാണ് പരിഗണനയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook