ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡര്‍സ്ഫീല്‍ഡ് ടൗണിനോട്‌ ഏറ്റുമുട്ടിയ ആര്‍സീന്‍ വെങ്ങറിന് വിജയത്തോടെ വിട. എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണല്‍ വിജയിച്ചതോടെ ആര്‍സീന്‍ വെങ്ങറിന് ലഭിച്ചത് കാവ്യാത്മകമായൊരു യാത്രയയപ്പ്.

1996 ഒക്ടോബര്‍ ഒന്നിനാണ് ആര്‍സീന്‍ വെങ്ങര്‍ എന്ന ഫ്രഞ്ചുകാരന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുന്നത്. ഫ്രഞ്ച് ക്ലബ്ബുകളായ എഎസ് നാന്‍സിയിലേയും എഎസ് മൊണാക്കോയിലേയും മാനേജിങ് കരിയറിന് ശേഷം ഏഷ്യയിലേക്ക് പോയ വെങ്ങര്‍ ഒരു വര്‍ഷത്തെ ജപ്പാന്‍ ലീഗ് അനുഭവവുമായായിരുന്നു പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുന്നത്. ജോര്‍ജ് ഗ്രഹാം എന്ന സ്കോട്ടിഷ് മാനേജര്‍ക്ക് പകരക്കാരനായെത്തിയ ആര്‍സീന്‍ വെങ്ങര്‍ നടന്ന് തുടങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. ഒപ്പം ആഴ്സണലും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു ടീമിനെ പരിശീലിപ്പിച്ചു മാനേജര്‍. 1,700ന് മുകളില്‍ മൽസരങ്ങളിലാണ് ഈ അറുപത്തിയെട്ടുകാരന്‍ ആഴ്സണല്‍ പരിശീലകനായത്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം, ഏഴ് എഫ്എ കപ്പ്‌, ഏഴ് എഫ്എ കപ്പ് കമ്മ്യൂണിറ്റി ഷീല്‍ഡ്. ഈ കാലയളവില്‍ ആര്‍സീന്‍ വെങ്ങര്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധിയാണ്.

തിയറി ഹെന്‍റി, പാട്രിക് വിയേര, മാര്‍ക്ക് ഓവര്‍മാര്‍സ്, നികോളാസ് അനെല്‍ക, സെസ്ക് ഫാബ്രിഗാസ്, റോബര്‍ട്ട് പൈറസ്‌, സോള്‍ ക്യാമ്പല്‍ റോബിന്‍ വാന്‍ പേഴ്സി, കോലോ ടോറെ, അലക്സിസ് സാഞ്ചസ്.. ആര്‍സീന്‍ വെങ്ങര്‍ വഴി ആഴ്സണലുമായി കരാറിലെത്തിയ താരങ്ങളും അനവധി. ആര്‍സീന്‍ വെങ്ങര്‍ കണ്ടെത്തിയ ഈ താരങ്ങളില്‍ പലരും പിന്നീട് വന്‍ തുകയ്ക്കാണ് മറ്റ് ടീമുകളിലേക്ക് ചേക്കേറിയതും.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരി കൂടിയായ ആര്‍സീന്‍ വെങ്ങറിനെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ കണക്കിലെ കളികൂടിയാണ്. പരിശീലനം മുതല്‍ ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വരെ ശാസ്ത്രീയമായ വിശകലനങ്ങളിലും വിലയിരുത്തലുകളിലും ഊന്നിയ സമീപനമായിരുന്നു വെങ്ങര്‍ വച്ചുപുലര്‍ത്തിയത്. അദ്ദേഹം സാരഥ്യം പരിശീലകനായ 22 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ക്ലബ്ബിന് എടുത്തുപറയത്തക്ക സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നതിന്റെയും ഖ്യാതി വെങ്ങറിന് തന്നെ.

അക്രമത്തില്‍ ഊന്നിയുള്ള ഫുട്ബോള്‍ തന്ത്രമായിരുന്നു വെങ്ങര്‍ എക്കാലത്തും മുന്നോട്ടുവച്ചത് എങ്കിലും അച്ചടക്കമുള്ള കളിശൈലി അദ്ദേഹത്തിന് ശീലമായിരുന്നു. ഒന്നാംനിര ടീമിനെ പരിശീലിക്കുക എന്നതോടൊപ്പം തന്നെ യുവനിരയെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന ആര്‍സീന്‍ വെങ്ങറെ ഫ്രഞ്ച് മാധ്യമങ്ങള്‍ നല്‍കിയ വിളിപ്പേര് പ്രൊഫസര്‍ എന്നാണ്.

എഴുപതുകളുടെ ടോട്ടല്‍ ഫുട്ബോള്‍ ഏറെ സ്വാധീനിച്ചയാളാണ് വെങ്ങര്‍. ‘കണ്‍സിസ്റ്റന്‍സി’ എന്നത് വെങ്ങറിനോടൊപ്പം കൂട്ടിവായിക്കുന്ന മികവ് ആയിരിക്കുമ്പോഴും ആധുനിക ഫുട്ബോളിങ് തന്ത്രങ്ങള്‍ക്കനുസരിച്ച് മാറാന്‍ തയ്യാറാകാത്തതും അവസാന വര്‍ഷങ്ങളില്‍ വെങ്ങര്‍ക്ക് നേരെയുള്ള പ്രധാന വിമര്‍ശനങ്ങളായി ഉയര്‍ന്നു. ഒരു പരിശീലകന് നേടാനാവുന്ന എല്ലാ ബഹുമതികളും അദ്ദേഹത്തെ തേടി എത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടീഷ് എമ്പയറടക്കം മറ്റ് പല പുരസ്കാരങ്ങളും നല്‍കി ലോകം വെങ്ങറിനെ ആദരിക്കുമ്പോഴൊക്കെയും ഏറ്റവും വലിയ ബഹുമതിയായി അദ്ദേഹം കൊണ്ടുനടന്നത് ആഴ്സണല്‍ എന്ന ക്ലബ്ബിനെ തന്നെയായിരുന്നു.

എന്തിരുന്നാലും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍സീന്‍ വെങ്ങര്‍ പടിയിറങ്ങുമ്പോള്‍ ഇല്ലാതാകുന്നത് സമാനതകളില്ലാത്ത ഫുട്ബോള്‍ പാരമ്പര്യമാണ്. സര്‍ അലക്സ് ഫെര്‍ഗൂസന്‍ മുതല്‍ പെപ്പ് ഗാര്‍ഡിയോള വരെ എത്തിനില്‍ക്കുന്ന ഇംഗ്ലീഷ് ഫുട്ബോളിനെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഇംഗ്ലീഷ് ഫുട്ബോളിന്റെ സുവര്‍ണ കാലമെന്ന് വിശേഷിക്കാവുന്ന രണ്ട് പതിറ്റാണ്ടുകാലം അതിന്റെ മുഖമായി ഈ ഫ്രഞ്ചുകാരന്‍ ഉണ്ടായിരുന്നു. നന്ദി, ആര്‍സീന്‍ വെങ്ങര്‍, വിജയത്തോടെ വിട.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ