പുത്തൻ സീസണിൽ ആദ്യ കിരീട നേട്ടവുമായി ആഴ്സണൽ തുടങ്ങി. കമ്യൂണിറ്റി ഷീൽഡ് കപ്പിൽ ചെൽസിയെ തോൽപ്പിച്ചാണ് ആഴ്സെൻ വെങറുടെ കുട്ടികൾ തങ്ങളുടെ ആദ്യ കിരീടം നേടിയത്. നിശ്ചിതസമയത്ത് ഓരോ ഗോൾ വീതം അടിച്ച് സമനിലയിലായിരുന്ന മത്സരത്തിൽ ഷൂട്ടൗട്ടാലായിരുന്നു ആഴ്സണലിന്റെ വിജയം.

പുതിയ ലീഗ് സീസണിന് മുന്നോടിയായി നടന്ന മത്സരത്തിൽ തങ്ങളുടെ മികച്ച താരങ്ങളെത്തന്നെയാണ് ഇരുവരും കളത്തിൽ ഇറക്കിയത്. ഹസാർഡിന്റെ അഭാവത്തിൽ പെഡ്രോയും,ഫാബ്രാസും, ഡേവിഡ് ലൂയിസും അടങ്ങുന്ന താര നിരയെത്തന്നെയാണ് ചെൽസി കളത്തിൽ ഇറക്കിയത്. ഡാനി വെൽബാക്കും, വാൽക്കോട്ടും അടങ്ങുന്ന താരനിര തന്നെയായിരുന്നു ആഴ്സണലിന്റെ ആക്രമണം നയിച്ചതും.

ആവേശകരമായ മത്സരത്തിൽ 46 മിനുറ്റിൽ വിക്ടർ മോസസിന്റെ ഗോളിലൂടെ ചെൽസിയാണ് ലീഡ് എടുത്തത്. എന്നാൽ 80 മിനുറ്റിൽ ചെൽസി 10 പേരായി ചുരുങ്ങി. ആഴ്സണൽ താരം എൽനിനിയെ വീഴ്ത്തിയതിന് പെഡ്രോ ചുവപ്പ് കണ്ടു. ഈ ഫൗളിന് ലഭിച്ച ഫ്രീക്കിക്കിൽ തലവെച്ച് കോലാസിനാക്ക് മത്സരം സമനിലയിലാക്കി.

ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ആദ്യ 2 കിക്കുകളും ഇരു ടീമുകളും വലയിലാക്കി. ചെൽസിക്കായി കിക്ക് എടുത്ത ഗാരി കാഹിലും, ആഴ്സണലിനായി കിക്ക് എടുത്ത വാൽക്കോട്ടും ലക്ഷ്യം കണ്ടു. എന്നാൽ ചെൽസിയുടെ അടുത്ത 2 കിക്കുകളും പാഴായി. തിബോ കോട്ടുവയുടെയും , അൽവാരോ മൊറാറ്റയുടേയും കിക്കുകൾ പുറത്തേക്ക് പോയി. മൂന്നാമത്തേയും നാലമത്തേയും കിക്കുകൾ വലയിൽ എത്തിച്ച് ആഴ്സണൽ കമ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ