ലണ്ടൻ: നല്ല ഉദ്ദേശം വെച്ച് ശരീരത്തിൽ ഒരു പച്ച കുത്തിയതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണിപ്പോൾ ആഴ്‌സണലിന്റെ മിഡ്ഫീല്‍ഡര്‍ തിയോ വാല്‍ക്കോട്ട്. ടാറ്റു ചെയ്തപ്പോള്‍ വന്ന അക്ഷരത്തെറ്റാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

‘ഓം നമ ശിവായ’യെന്ന് വാല്‍ക്കോട്ട് തന്റെ പുറത്ത് എഴുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വാല്‍ക്കോട്ട് പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ അനന്തമായ ആഹ്ലാദവും സന്തോഷവും അനുഭവിക്കാന്‍ ഹൃദയം തുറക്കൂ, ഭീതി, വെറുപ്പ് എന്നിവയെ ഒഴിവാക്കൂയെന്നും താരം കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ ടാറ്റൂവിൽ നമ ശിവായക്ക് പകരം ശവായ എന്നായിപ്പോയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.

എന്നാല്‍ വലിയൊരു വിഭാഗത്തിന് ഈ തെറ്റു ക്ഷമിക്കാനാവുമായിരുന്നില്ല. എഴുതിയിരിക്കുന്നത് തെറ്റാണെന്നും ശിവ എന്നതിന് പകരം ശവം എന്നര്‍ഥമുള്ള വാക്കാണ് എഴുതിയിരിക്കുന്നതെന്നും ആളുകള്‍ ട്വീറ്റ് ചെയ്തു. മറ്റു ചിലര്‍ വാല്‍ക്കോട്ടിനെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിച്ചു. ടാറ്റു ചെയ്യുന്നതിന് മുമ്പ് വാല്‍ക്കോട്ട് ഇന്ത്യക്കാരനായ ഒരു ആഴ്‌സണല്‍ ആരാധകന്റെ സഹായം തേടുന്നത് നല്ലതാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. 2019 തിരഞ്ഞെടുപ്പില്‍ വാല്‍ക്കോട്ടിന് മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കുമെന്നായിരുന്നു ഒരു ഇന്ത്യക്കാരന്റെ കമന്റ്.

എന്നാൽ വാൽക്കോട്ടിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. ഒരു ആഴ്‌സനല്‍ താരത്തിന്റെ ശരീരത്തില്‍ ഇത്തരമൊരു ടാറ്റു വന്നതില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നതായി മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ ഹിന്ദി അറിയാത്ത വിദേശികള്‍ ടാറ്റൂ കണ്ടു തെറ്റിദ്ധരിക്കുകയും ചെയ്തുവെന്നതാണ് രസകരം. ചൈനീസ ഭാഷയാണ് വാല്‍ക്കോട്ട് തന്റെ ശരീരത്തില്‍ ടാറ്റു ചെയ്തതെന്ന് വ്യാഖ്യാനിച്ച ഇവര്‍ താരം ചൈനീസ് ലീഗിലേക്ക് മാറാനുള്ള ഒരുക്കത്തിലാണെന്നും പ്രചരണം നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ