ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആധികാരിക ജയവുമായി ആഴ്സണൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിനെതിര ഗണ്ണേഴ്സിന്റെ തകർപ്പൻ ജയം.

പുതിയ പരിശീലകൻ മൈക്കൽ അർട്ടേട്ടയുടെ കീഴിലെ ആദ്യ ജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. ലീഗിൽ തുടർ തോൽവികളോടെ വലഞ്ഞ ഗണ്ണേഴ്സിന് ആദ്യ പകുതിയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. എട്ടാം മിനിറ്റിൽ നിക്കോളാസ് പെപ്പെയിലൂടെ ടീം മുന്നിലെത്തി. തുടർന്ന് മികച്ച മുന്നേറ്റങ്ങൾ കാഴ്ച വച്ചെങ്കിലും ഗോൾ അകന്നു നിന്നു. എന്നാൽ 42-ാം മിനിറ്റിൽ സോക്രട്ടീസിലൂടെ ആഴ്സണൽ ലീഡ് ഉയർത്തി.

കൗണ്ടർ അറ്റാക്കിന് പേരുകേട്ട യുണൈറ്റഡ് മുന്നേറ്റ നിര ഇന്നത്തെ മത്സരത്തിൽ അമ്പേ പരാജയമായിരുന്നു. മാർഷ്യാൽ, റാഷ്ഫോർഡ്, ലിംഗാർഡ്, ജെയിംസ് തുടങ്ങിയവർ പല ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. സ്ഥിരതയില്ലാതെ ലീഗിൽ വട്ടംകറങ്ങുന്ന ഒലെയുടെ ടീം ഏറെ വിമർശനങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.

Read Also: ടി20 ലോകകപ്പും ഏഷ്യ കപ്പുമടക്കം വലിയ ടൂർണമെന്റുകൾ; 2019ൽ ഇന്ത്യയ്ക്ക് തിരക്കിട്ട ഷെഡ്യൂൾ

യുണൈറ്റഡിന് എതിരായ ജയം ആഴ്സണലിന്റെ പുതിയ പരിശീലകനും​ ആരാധകർക്കും ആശ്വാസമേകുന്നതാണ്. നിലവിൽ 21 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 27 പോയിന്റുമായി ആഴ്സണൽ പത്താം സ്ഥാനത്തുമാണ്.

ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി എവർട്ടനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്രസീൽ താരം ഗബ്രിയേൽ ജെസൂസിന്റെ ഇരട്ട ഗോളാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്.

മറ്റ് മത്സരങ്ങളിൽ ചെൽസി ബ്രൈറ്റനെതിരെ സമനിലയിൽ പിരിഞ്ഞപ്പോൾ ലെസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. വാട്ഫോർഡ് വോൾവ്സിനെയും വെസ്റ്റ് ഹാം ബോൺമൌത്തിനെയും കീഴടക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook