മലപ്പുറം: വിദേശ ഫുട്ബോൾ ക്ലബുകളോട് മലയാളികൾക്കുളള പ്രിയം വാക്കുകളാണ് വിവരിക്കാൻ സാധിക്കില്ല. റയൽ മാഡ്രിഡും, ബാഴ്സിലോണയും, ആഴ്സണലും, മാഞ്ചസ്റ്റർ യുണൈറ്റഡുമൊക്കെ കേരളത്തിലെ കളിക്കമ്പക്കാരുടെ ഇഷ്ട ടീമുകളാണ്. ഏത് പാതിരാത്രിയിലും തങ്ങളുടെ ക്ലബ്ബിന്റെ മത്സരം കാണാൻ മലയാളികൾ കണ്ണിൽ എണ്ണയൊഴിച്ചായാലും കാത്തിരിക്കും. ഈ കളിഭ്രാന്തിന്റെ പെരുമ ലോകംമുഴുവൻ പ്രശസ്തവുമാണ്.

ഫുട്ബോൾ കമ്പം അസ്ഥിക്ക് പിടിച്ച ഒരു മലയാളി യുവാവിനെപ്പറ്റിയാണ് ഫുട്ബോൾ ലോകം ഇന്ന് ചർച്ച ചെയ്യുന്നത്. മഞ്ചേരിക്കാരനായ ഇൻസമാം ഉൾ ഹഖാണ് ആ കളിക്കമ്പക്കാരൻ. ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ആഴ്സണലിന്റെ കടുത്ത ആരാധകനാണ് കക്ഷി. അഞ്ചാം വയസ്സിലാണ് ഇൻസമാം ഗണ്ണേഴ്സിന്റെ ആരാധകനാകുന്നത്.

ഫുട്ബോൾ ഭ്രാന്ത് മൂത്ത ഇൻസമാം ചെയ്തത് എന്താണെന്ന് അറിയേണ്ടേ?, തനിക്ക് പിറന്ന കുഞ്ഞിന് ഒരു ആഴ്സണൽ താരത്തിന്റെ പേരാണ് ഇൻസമാം നൽകിയത്. തന്റെ ഭാര്യ ഫിദ സനം ഗർഭിണിയായപ്പോൾത്തന്നെ ഇൻസമാം തീരുമാനിച്ചിരുന്നു. ആൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ ഒരു ആഴ്സണൽ താരത്തിന്റെ പേര് നൽകാൻ.

മകന് ആഴ്സണൽ പരിശീലകൻ ആഴ്സൻ വെങറുടെ പേര് നൽകാനാണ് കൂട്ടുകാർ നിർദ്ദേശിച്ചത്. എന്നാൽ പ്രിയ താരം മെസൂട്ട് ഓസിലിന്രെ പേര് നൽകാനാണ് ഇൻസമാം തീരുമാനിച്ചത്. 2017 ഡിസംബർ 29ന് ജനിച്ച മകന് മെഹദ് ഓസിൽ എന്ന പേരാണ് ഇൻസമാം നൽകിയത്. മഞ്ചേരിക്കാരന്റെ ഈ ഭ്രാന്ത് അറിഞ്ഞ ആഴ്സണൽ ക്ലബ് അധികൃതർ ഇൻസമാമിനെത്തേടി കേരളത്തിൽ എത്തി.


വിഡിയോ കടപ്പാട്: ആഴ്സണൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ