ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. 15 ദിവസമാണ് ഷമിയ്ക്ക് ജാമ്യപേക്ഷ നല്‍കാനും പൊലീസിന് മുന്നില്‍ ഹാജരാകാനും അനുവദിച്ചിരിക്കുന്നത്. ഭാര്യ ഹസിന്‍ ജഹാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് അറസ്റ്റ് വാറണ്ട്

ഷമിയുടെ സഹോദരന്‍ ഹസിദ് അഹ്മദിനെതിരേയും വാറണ്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലാണ് ഷമി. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്‍.

Read More: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് അക്രമിച്ചതിനും കേസ് ചാര്‍ജ് ചെയ്തിരുന്നു. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഭാര്യയ ഹസിന്‍ ജഹാന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook