ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്മാറേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുല്‍ക്കറെ ദേശദ്രോഹിയാക്കി അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയിലായിരുന്നു ഗോസ്വാമി സച്ചിനെതിരെ ആരോപണമുന്നയിച്ചത്.

”ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വിവരമുണ്ടെങ്കില്‍ സച്ചിന്‍ പറയേണ്ടിയിരുന്നത് ഇന്ത്യ പാക്കിസ്ഥാനൊപ്പം കളിക്കില്ലെന്നായിരുന്നു. സുനില്‍ ഗവാസ്‌കറും ഇത് തന്നെ പറയേണ്ടയാളാണ്. പക്ഷെ രണ്ടു പേരും പറഞ്ഞത് രണ്ട് പോയിന്റ് വേണമെന്നാണ്. രണ്ടു പേരും തീര്‍ത്തും തെറ്റാണ്. നമുക്ക് രണ്ട് പോയിന്റല്ല, പ്രതികാരമാണ് വലുത്. സച്ചിന്‍ രണ്ട് പോയിന്റ് എടുത്ത് ചവറ്റു കൊട്ടയിലിടണം” അര്‍ണബ് പറഞ്ഞു.

പുല്‍വാമയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് രണ്ട് കൂട്ടര്‍ മാത്രമേയുള്ളൂവെന്നും ഗോസ്വാമി പറഞ്ഞു. ഇന്ത്യക്കൊപ്പമുള്ളവരും ഇന്ത്യക്ക് എതിരെയുള്ളവരും. നടുവില്‍ നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ രണ്ടു പേര്‍ ഇറങ്ങിപ്പോയി. രാഷ്ടീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണിയും എഎപി നേതാവ് അശുതോഷുമാണ് ഇറങ്ങിപ്പോയത്.

പുല്‍വാമയില്‍ ആക്രമണമുണ്ടായപ്പോള്‍ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ പോയ നിങ്ങളുടെ ബോസ് മോദിയെ എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ചോദിച്ചു കൊണ്ടായിരുന്നു അശുതോഷ് ഇറങ്ങിപ്പോയത്. എന്നാല്‍ ഇതിന് മറുപടി പറയാന്‍ ഗോസ്വാമി കൂട്ടാക്കിയില്ല. സച്ചിനും കപില്‍ ദേവും ഗവാസ്‌കറുമാണ് ഇക്കാര്യത്തില്‍ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതെന്നാണ് ഗോസ്വാമി പറയുന്നത്. അതേസമയം കളിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട ഗാംഗുലിയെ ഗോസ്വാമി അഭിനന്ദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ