കറാച്ചി: ഇന്ത്യയെ പരാജയപ്പെടുത്തി ചാന്പ്യൻസ് ട്രോഫി കിരീടം കരസ്ഥമാക്കിയ പാക് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാൻ സൈനിക മേധാവിയുടെ അപ്രതീക്ഷിത സമ്മാനം. പാക് ടീമിലെ അംഗങ്ങൾക്കു സൗജന്യമായി മക്കയിൽ പോയി ഉംറ ചടങ്ങ് നിർവഹിക്കുവാനുള്ള അവസരമൊരുക്കുമെന്നാണ് സൈനിക മേധാവി മേജർ ജനറൽ ആസിഫ് ഗഫൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു സൈനിക നേധാവിയുടെ പ്രഖ്യാപനം.
‘സൈനിക മേധാവി പാക്കിസ്ഥാനെയും ക്രിക്കറ്റ് ടീമിനെയും അഭിനന്ദിക്കുന്നു. ടീമിന് സൗജന്യ ഉംറ പ്രഖ്യാപിക്കുന്നു. ടീം വർക്കിനെ തോൽപ്പിക്കാൻ ഒന്നിനുമാവില്ല. എല്ലാ ഭീഷണികൾക്കെതിരേയും പാക്കിസ്ഥാൻ ഒറ്റക്കെട്ടാണ്- മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ കുറിച്ചു.
COAS congrats Team Pakistan & nation. Announces Umrah for team.
"Nothing beats 'Team Work', Pakistan is a team against every threat" COAS.— Maj Gen Asif Ghafoor (@OfficialDGISPR) June 18, 2017
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റണ്സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റൺസിന് പുറത്താവുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് ഈ കിരീടം അഭിമാനനേട്ടമാണ്.
ഫൈനലിൽ സെഞ്ചുറി നേടിയ ഫഖാർ സമാനാണ് കളിയിലെ താരം. ടൂർണ്ണമെന്റിലെ ഗോൾഡൻ ബാറ്റ് ഇന്ത്യയുടെ ശിഖർ ധവാനാണ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഹസൻ അലിയാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹസൻ അലിയാണ് സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പാളി. റൺസ് എടുക്കുത്തതിന് മുൻപ് രോഹിത്ത് ശർമ്മയേയും, 5 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും വീഴ്ത്തി മുഹമ്മദ് ആമിർ ഇന്ത്യയെ വിറപ്പിച്ചു. ടൂർണ്ണമെന്റിലുട നീളം ഇന്ത്യക്കായി റൺസ് കണ്ടെത്തിയ ശിഖർ ധവാനെയും ആമിർ മടക്കിയതോടെ ഇന്ത്യ തോൽവി മണത്തു. 22 റൺസ് എടുത്ത യുവരാജ് സിങ്ങും, 4 റൺസ് എടുത്ത ധോണിയും, 9 റൺസ് എടുത്ത കേദാർ ജാദവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യ മുട്ടുകുത്തുകയായിരുന്നു.
നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.