കൊളംബോ: 2011 ലോകകപ്പില്‍ ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചാണ് ഇന്ത്യയോട് തോറ്റതെന്നും ഔത്തുകളിയിലൂടെയാണ് ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചതെന്നും മുന്‍ ശ്രീലങ്കൻ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. തോല്‍വി തന്നെ ഞെട്ടിച്ചെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും രണതുംഗ ആവശ്യപ്പെട്ടു. 2009ലെ ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തെ കുറിച്ച് അന്വേഷണം വേണമെന്ന കുമാര സംഗക്കാരയുടെ പ്രസ്താവനയ്ക്ക് ചുവട് പിടിച്ചാണ് ശ്രീലങ്കന്‍ മുന്‍ നായകന്റെ പുതിയ ആവശ്യം.

‘സംഗക്കാര പാകിസ്താന്‍ പര്യടനത്തെ കുറിച്ച് അന്വേഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടത്തണം. എന്നാല്‍ 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് എന്ത് സംഭവിച്ചെന്ന് കൂടി അന്വേഷക്കണം, ഫിറ്റ്‌നസ് പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്‌പോട്‌സ് മന്ത്രാലയം അതിനേക്കാളേറെ ഇക്കാര്യങ്ങള്‍ പരിഗണിക്കണം’ രണതുംഗ ആവശ്യപ്പെട്ടു.

മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനലില്‍ കമന്റേറ്ററായി രണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇപ്പോള്‍ തനിക്ക് അക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നും തെളിവ് ലഭിച്ചാല്‍ അക്കാര്യം ഒരുനാള്‍ പുറത്ത് വിടുമെന്നും രണതുംഗ കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ 274 റണ്‍സെടുത്തു. മഹേള ജയവര്‍ധനെയുടെ സെഞ്ച്വറിയാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌ക്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 97 റണ്‍സെടുത്ത ഗൗതം ഗംഭീറിന്റെയും പുറത്താകാതെ 91 റണ്‍സെടുത്ത മഹേന്ദ്രസിങ് ധോണിയുടേയും ബാറ്റിങ്ങാണ് ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്തത്.

1996 ല്‍ ലങ്കക്ക് ലോകകപ്പ് നേടികൊടുത്ത നായകനാണ് അര്‍ജുന രണതുംഗ. ടീമിന്റെ പ്രകടനം കണ്ട് ഞെട്ടിയെന്നും സംഭവത്തെ കുറിച്ച് വിശദമായി അനേഷിക്കണമെന്നും രണതുംഗ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലങ്കന്‍ ക്രിക്കറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ക്യാപ്റ്റന്‍ രംഗത്തെത്തിയത്. നേരത്തെ ലങ്കയിലെ മാധ്യമങ്ങളും ടീമിനെതിരെ ഒത്തുകളി ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ