കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 44 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ റെയില്‍വേയ്‌ക്കെതിരെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തത്. ഇന്നിംഗ്സിനും 103 റണ്‍സിനുമാണ് മുംബൈ റെയില്‍വേസിനെ പരാജയപ്പെടുത്തിയത്.
20 ദിവസം മുമ്പ് മധ്യപ്രദേശിനെതിരേയും അര്‍ജുന്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ച വെച്ചിരുന്നു.
അസമിനെതിരെ നാല് വിക്കറ്റ് നേട്ടവും പിന്നീട് ഉണ്ടായി. മധ്യപ്രദേശുമായുളള മത്സരം സമനിലയില്‍ കാലശിച്ചെങ്കിലും അസമിനെതിരെ അനായാസം വിജയിച്ചു. ആദ്യ ഇന്നിംഗ്സില്‍ 21 റണ്‍സും അര്‍ജുന്‍ നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ആദ്യ ഇന്നിങ്‌സില്‍ 93 ഓവറില്‍ അടിച്ചെടുത്തത് 389 റണ്‍സ്. യഷ്വി ജയ്‌സ്വാള്‍ 218 റണ്‍സെടുത്തപ്പോള്‍ സിദാക് സിംഗ് 63 റണ്‍സോടെ മികച്ച പിന്തുണ നല്കി.
മറുപടിയായി ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേ 150 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്ത റെയില്‍വേ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയപ്പോഴാണ് അര്‍ജുന്റെ ഗംഭീര പ്രകടനം. സച്ചിന്‍ ബാറ്റുകൊണ്ടാണ് ക്രിക്കറ്റ് ലോകം കീഴടക്കിയതെങ്കിലും പന്താണ് അര്‍ജുന്റെ ആയുധം. ഇടംകൈയന്‍ പേസറായ അര്‍ജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ അര്‍ജുന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. മുംബൈയ്ക്കുവേണ്ടി എട്ടു വിക്കറ്റെടുത്ത വസിഷ്ഠയുടെ പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനിടയില്‍ ആഭ്യന്തരക്രിക്കറ്റിലും ശ്രദ്ധേയപ്രകടനങ്ങള്‍ അര്‍ജുനില്‍നിന്നുണ്ടായി.