ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.
ടെസ്റ്റ് മത്സരത്തിലാണ് 18കാരനായ അര്‍ജുന്‍ കളിക്കുക. ഓള്‍റൌണ്ടറായ അര്‍ജുനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂലൈയിലാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അനൂജ് റാവത്താണ് ടെസ്റ്റ് ടീമിനെ നയിക്കുക. 2017-2018 രഞ്ജി ട്രോഫിയിലാണ് റാവത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2017ലെ അണ്ടര്‍ 19 ഏഷ്യ കപ്പില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആര്യന്‍ ജുയലാണ് ഏകദിന മത്സരങ്ങളിലെ നായകന്‍.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനിടയില്‍ ആഭ്യന്തരക്രിക്കറ്റിലും ശ്രദ്ധേയപ്രകടനങ്ങള്‍ അര്‍ജുനില്‍നിന്നുണ്ടായി.
സച്ചിന്‍ ബാറ്റുകൊണ്ടാണ് ക്രിക്കറ്റ് ലോകം കീഴടക്കിയതെങ്കിലും പന്താണ് അര്‍ജുന്റെ ആയുധം. ഇടംകൈയന്‍ പേസറായ അര്‍ജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. അതും പേസ് ബൗളിങ്.