ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞ് സച്ചിൻ തെൻഡുക്കറുടെ മകൻ. ആദ്യമായാണ് അർജുൻ തെൻഡുൽക്കർ ഇന്ത്യൻ താരങ്ങൾക്ക് പന്തെറിയുന്നത്. ന്യൂസിലൻഡുമായുളള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയിരുന്നു. മുംബൈ അണ്ടര്‍ 23, 19 ടീമുകളിലെ താരങ്ങളാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞു നല്‍കുന്നത്. ഇക്കൂട്ടത്തിലായിരുന്നു അർജുനും ഉണ്ടായിരുന്നത്.

കീവിസിന്റെ ഇടങ്കയ്യന്‍ ബോളർമാരെ നേരിടാനുളള സഹായമാണ് അർജുൻ ഇന്ത്യൻ താരങ്ങൾക്ക് നൽകിയത്. ട്രെൻഡ് ബോള്‍ട്ടടക്കമുള്ള ബോളര്‍മാരെ നേരിടുന്നതിന് അർജുൻ ഉൾപ്പെടെയുളള ഇടങ്കയ്യന്‍ ബോളർമാരുടെ പന്ത് നേരിട്ടത് സഹായകമാകുമെന്നാണ് ഇന്ത്യൻ ടീം കരുതുന്നത്. വിരാട് കോഹ്‌ലിയും ശിഖർ ധവാനും അടക്കമുള്ള താരങ്ങള്‍ അർജുന്റെ ബോൾ നേരിട്ടു. ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, ബോളിങ് കോച്ച് ഭരത് അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അർജുന്‍ ബോളിങ് ചെയ്തത്.

മുംബൈ അണ്ടര്‍ 19 ടീമിലെ താരമാണ് നിലവില്‍ 18-കാരനായ അർജുന്‍ തെൻഡുൽക്കർ. വിനൂമങ്കദ് ട്രോഫിക്ക് വേണ്ടിയുള്ള മുംബൈ അണ്ടര്‍-19 ടീമില്‍ ഈ മാസമാണ് അർജുൻ ഇടം നേടിയത്. ഇടങ്കയ്യന്‍ പേസ് ബോളറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ