കൊളംബോ: ആദ്യ രാജ്യാന്തര അണ്ടർ 19 മത്സരത്തിനിറങ്ങിയ അർജുൻ തെൻഡുൽക്കർ പൂജ്യത്തിന് പുറത്തായി. ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്ന മത്സരത്തിലാണ് 11 പന്ത് നേരിട്ട അദ്ദേഹം ഒറ്റ റൺസ് പോലും നേടാനാകാതെ പുറത്തായത്.
ശശിക ദുൽഷാനാണ് വിക്കറ്റ്. 1989 ൽ പാക്കിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ അർജുന്റെ അച്ഛൻ സച്ചിൻ തെൻഡുൽക്കറും പൂജ്യത്തിനാണ് പുറത്തായത്.
18- കാരനായ അർജുൻ ചൊവ്വാഴ്ച തന്റെ കരിയറിലെ ആദ്യ വിക്കറ്റ് നേടിയിരുന്നു. താനെറിഞ്ഞ രണ്ടാം ഓവറിൽ അർജുൻ, കമിൽ മിഷാരയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മത്സരത്തിൽ 11 ഓവർ ബോൾ ചെയ്ത അർജുൻ 33 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടോവറിൽ റണ്ണൊന്നും വിട്ടുകൊടുത്തതുമില്ല ഈ കൗമാരതാരം.
ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 244 റൺസിന് ഇന്ത്യ പുറത്താക്കി. പിന്നീട് ഇന്ത്യ 589 റൺസാണ് നേടിയത്. ഇന്ത്യയുടെ ബാറ്റ്സ്‌മാൻ അതർവ തൈഡ്, ആയുഷ് ബദോനി എന്നിവർ സെഞ്ചുറി നേടിയിരുന്നു. ശ്രീലങ്കയുടെ കൽഹാര സെനരത്ന 170 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയുടെ അണ്ടർ 19 ടീമിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് കളിക്കുന്നത്.