ഓസീസിൽ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വാക്കു കൊണ്ടും കളിമികവ് കൊണ്ടും മാധ്യമ ശ്രദ്ധ നേടി. “ബ്രാഡ്മാന്റെ പേരിലുള്ള മൈതാനത്ത് കളിക്കാൻ സാധിക്കുന്നത് വളരെയധികം അഭിമാനം നൽകുന്നു”, അർജുൻ പറഞ്ഞതായി ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു.
ബ്രാഡ്മാൻ ഓവൽ മൈതാനത്താണ് അർജുൻ ക്രിക്കറ്റ് കളിച്ചത്. “ഞാൻ ഈയടുത്താണ് കൂടുതൽ ശക്തി നേടിയത്. ഉയരവും വെച്ചു. ചെറുപ്പത്തിലേതിനേക്കാൾ വേഗതയിൽ പന്തെറിയാൻ സാധിക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യയിലെ മികച്ച പേസ് ബോളറാകാൻ സാധിക്കുമെന്നാണ് വിശ്വാസം”, അർജുന്റെ വാക്കുകൾ.
ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും ഹോങ്കോങ്ങിൽ നിന്നുള്ള ടീമും തമ്മിലായിരുന്നു ബ്രാഡ്മാൻ ഓവലിൽ മത്സരം. മാർക്് ഫ്യൂസ് ആയിരുന്നു ഹോങ്കോങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ.
“ഭയം കൂടാതെ കളിക്കാനാണ് അച്ഛൻ (സച്ചിൻ ടെണ്ടുൽക്കർ) പറഞ്ഞത്. ടീമിന് വേണ്ടി കളിക്കാനും, കൈയ്യിലുള്ള ശേഷി ടീമിന് വേണ്ടി പൂർണ്ണ അർത്ഥത്തിൽ പുറത്തെടുക്കാനും അദ്ദേഹം പറഞ്ഞു.” കളിക്കുമ്പോൾ ഇത്തരത്തിൽ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതിരിക്കാൻ താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് അർജുൻ വ്യക്തമാക്കി.
“ബോൾ ചെയ്യുമ്പോൾ എതിരാളിയുടെ വിക്കറ്റ് മാത്രമാണ് ഞാൻ ഉന്നം വയ്ക്കാറുള്ളത്. ബാറ്റ് ചെയ്യുമ്പോൾ ഞാൻ ഷോട്സുകൾ കളിക്കുന്നു. ഏത് ബോളറെ ആക്രമിക്കണം, ആരെ ആക്രമിക്കരുത് എന്ന് ശ്രദ്ധിച്ചാണ് ബാറ്റ് ചെയ്യാറുള്ളത്”, അർജുൻ ടെണ്ടുൽക്കർ പറഞ്ഞു.