മുംബൈ: സച്ചിന്റെ മകനും വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ട്വന്റി-20 ലീഗിന്റെ ഉദ്ഘാടന സീസണില്‍ നിന്നും പിന്മാറി. ഇടങ്കയ്യന്‍ പേസറായ അര്‍ജുന്‍ തന്റെ ബൗളിംഗ് ആക്ഷന്‍ മാറ്റിയിരുന്നു. പുതിയ ആക്ഷനില്‍ പന്തെറിഞ്ഞ് പരിശീലനം നടത്തുന്ന അര്‍ജുന്‍ കളിക്കാന്‍ പൂര്‍ണ്ണമായും തയ്യാറായിട്ടില്ല. അതിനാലാണ് താരം ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

അര്‍ജുന്റെ പിന്മാറ്റം ടീമുകള്‍ക്ക് തിരിച്ചടിയാകും. ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ലേലത്തിലൂടെ താരത്തെ ടീമിലെത്തിക്കാന്‍ മിക്ക ടീമുകളും ലക്ഷ്യമിട്ടിരുന്നു. മാര്‍ച്ച് 11 മുതല്‍ 21 വരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ലീഗ് മത്സരങ്ങള്‍ നടക്കുക. നേരത്തെ, അണ്ടര്‍ 19 ആഭ്യന്തര മത്സരങ്ങളില്‍ രണ്ട് വട്ടം അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ നാല് വിക്കറ്റ് നേട്ടവും കൊയ്ത് അര്‍ജുന്‍ തന്റെ കഴിവ് തെളിയിച്ചതാണ്.

പൂനെക്കാരനായ അതുല്‍ ഗെയ്ക്ക്‌വാതാണ് അര്‍ജുന്‍ ബൗളിംഗ് ആക്ഷന്‍ പരിശോധിക്കുന്നത്. ‘ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് അവന്റെ ശരീരം വളരെ പെട്ടെന്നാണ് വളര്‍ന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ആ മാറ്റം നിങ്ങള്‍ക്ക് മനസിലാകും. അത് രണ്ട് വട്ടം പരുക്കിനും കാരണമായി. അവന്റെ ഓരോ പന്തും സൂക്ഷ്മമായി പഠിക്കുന്നുണ്ട്. ആക്ഷനില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്.’ അര്‍ജുന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ പറയുന്നു.

ജനുവരി എട്ടിനാണ് അര്‍ജുന്റെ ബൗളിംഗ് ആക്ഷന്‍ മാറ്റാന്‍ തീരുമാനിച്ചത്. ക്രിക്കറ്റ് ദൈവവും ലീഗിന്റെ ബ്രാന്റ് അംബാസിഡറുമായ സച്ചിനോട് ആലോചിച്ച ശേഷമാണ് അര്‍ജുനും പരിശീലകനും ആ തീരുമാനത്തിലെത്തിയത്. ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ കുറിച്ചും സച്ചിനുമായി ചര്‍ച്ച ചെയ്തിരുന്നു.

കളിക്കാന്‍ പൂര്‍ണ്ണമായും തയ്യാറല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതാണ് നല്ലതെന്ന് സച്ചിനാണ് അര്‍ജുനെ ഉപദേശിച്ചത്. തന്റെ മകന്‍ ഓരോ ചുവടും സൂക്ഷ്മതയോടെ മുന്നോട്ടു വെക്കണമെന്നാണ് സച്ചിന്‍ ആഗ്രഹിക്കുന്നത്. 18 കാരനായ അര്‍ജുന് ഒരുപാട് സമയമുണ്ടെന്നും ആത്മവിശ്വാസം നേടിയതിന് ശേഷം മാത്രം കളിച്ചാല്‍ മതിയെന്നും സച്ചിന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ