Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 33 കാരനായ താരം കളം വിടുന്നത്

Sergio Aguero
വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ സെര്‍ജിയോ അഗ്യൂറോ

മാഡ്രിഡ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 33 കാരനായ താരം കളം വിടുന്നത്. ഫുട്ബോളിലേക്കുള്ള മടങ്ങി വരവ് ബുദ്ധിമുട്ടാണെന്ന് അഗ്യൂറോ നേരത്തെ തന്നെ ബാഴ്സലോണയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 30 ന് സ്പാനിഷ് ലാ ലിഗയില്‍ അലാവസിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കേണ്ടി വന്നതും.

“പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കുന്ന കാര്യം പറയാനാണ് ഈ വാര്‍ത്താസമ്മേളനം. വളരെ ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണിത്. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത്. വളരെ മികച്ചൊരു മെഡിക്കല്‍ സംഘത്തിനൊപ്പമാണ് ഞാന്‍,” അഗ്യൂറോ പറഞ്ഞു.

“കളത്തിലേക്ക് തിരിച്ചു വരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധ്യമായില്ല. പത്ത് ദിവസം മുന്‍പാണ് ഞാന്‍ ഈ തീരുമാനം എടുത്തത്. എന്റെ കരിയറിനെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു. പന്തില്‍ ആദ്യം തൊട്ട നിമിഷം മുതല്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോളറാകുന്നത് ഞാന്‍ സ്വപ്നം കണ്ടിരുന്നു,” അഗ്യൂറോ കൂട്ടിച്ചേര്‍ത്തു.

“18 വയസുള്ളപ്പോള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച അത്ലറ്റിക്കോ മാഡ്രിഡിനോടും, മാഞ്ചസ്റ്റര്‍ സിറ്റിയോടും എനിക്ക് നന്ദിയുണ്ട്. എനിക്ക് സിറ്റിയോടുള്ള അടുപ്പം എത്രത്തോളമാണെന്നും അവര്‍ എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നതെന്നും എല്ലാവര്‍ക്കുമറിയാം,” താരം വിതുമ്പിക്കൊണ്ടു പറഞ്ഞു.

“ഞാന്‍ തല ഉയര്‍ത്തി തന്നെയാണ് പടിയിറങ്ങുന്നത്. ജീവിതത്തില്‍ അടുത്തത് എന്താണ് കാത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ഇഷ്ടപ്പെടുന്നവര്‍ ഒപ്പമുണ്ടെന്ന് എനിക്കറിയാം. എല്ലാ നല്ല നിമിഷങ്ങളും ഞാന്‍ എന്നും ഓര്‍ത്തിരിക്കും,” താരം കൂട്ടിച്ചേര്‍ത്തു.

മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റിക്കൊ മാഡ്രിഡ്, ബാഴ്സലോണ എന്നിവയാണ് അഗ്യൂറൊ കളിച്ചിട്ടുള്ള ക്ലബ്ബുകള്‍. സിറ്റിക്കായി 390 മത്സരങ്ങളില്‍ നിന്ന് 260 ഗോളുകള്‍ താരം നേടി. അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 230 കളികളില്‍ നിന്ന് 100 ഗോളുകളും അഗ്യൂറോയുടെ പേരിലുണ്ട്. ബാഴ്സലോണയ്ക്കായി ഒരു ഗോളാണ് താരം നേടിയത്. അര്‍ജന്റീനയ്ക്കായി 101 മത്സരങ്ങള്‍ കളിച്ചു. രാജ്യത്തിനായി 41 തവണ ലക്ഷ്യം കാണാനും അഗ്യൂറോയ്ക്ക് കഴിഞ്ഞു.

Also Read: ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് പറഞ്ഞിട്ടില്ല; ഗാംഗുലിയെ തള്ളി കോഹ്‌ലി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Argentine star sergio aguero announces retirement due to heart condition

The moderation of comments is automated and not cleared manually by malayalam.indianexpress.com