ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാൻ ദക്ഷിണാമേരിക്കൻ രാജ്യങ്ങൾ കളത്തിലിറങ്ങുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ യോഗ്യത പോരാട്ടങ്ങൾക്ക് തുടക്കമാകും. ക്ലബ്ബ് ഫുട്ബോളിന് ഇടവേള നൽകി മെസിയും നെയ്മറുമടക്കമുള്ള സൂപ്പർ താരങ്ങൾ ദേശീയ ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. നാളെ നടക്കുന്ന ഒരു മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടും. ഉറുഗ്വേ ചിലിയെയും പരാഗ്വേ പെറുവിനെയും നാളെ നേരിടുന്നുണ്ട്.

റഷ്യൻ ലോകകപ്പിലേക്കുള്ള വഴിയിൽ പ്രതീക്ഷികൾ അസ്തമിച്ച അർജന്റീനയ്ക്ക് ഇക്വഡോറിനെതിരെ മെസി നേടിയ അത്ഭുത വിജയമാണ് മോസ്കോയിലെത്തിച്ചത്. ഇത്തവണ വീണ്ടും ഇക്വഡോർ നേർക്കുന്നേർ എത്തുമ്പോൾ അത്തരത്തിലൊരു സമ്മർദ്ദമില്ലെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും മെസിയും സംഘവും പ്രതീക്ഷിക്കുന്നില്ല. 33 കാരനായ മെസിയുടെ അവസാന ലോകകപ്പാണ്. ഇതിഹാസ താരത്തിന്റെ അക്കൗണ്ടിൽ ഒരു ലോകകപ്പിന്റെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് അർജന്റീനയ്ക്കുമാറിയാം. അതിനാൽ മുന്നോട്ടുള്ള ഓരോ നീക്കവും ശ്രദ്ധയോടെയും പോരാട്ട വീര്യത്തോടെയുമായിരിക്കണം. ഇന്ത്യൻ സമയം പുലർച്ചെ 5.40നാണ് പോരാട്ടം.

Also Read: ഗ്രൗണ്ടിൽ മാത്രമല്ല; ‘റിയൽ ലൈഫി’ലും ഹീറോ ആയി സലാ

മെസിക്കൊപ്പം പരിചയസമ്പന്നർ അധികം ഇത്തവണ ടീമിലില്ല. പരുക്കുമൂലം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മാർക്കസ് റോഹോ കളിക്കുന്നില്ല. സെർജിയോ അഗ്യൂറോയെയും പരുക്കാണ് വലയ്ക്കുന്നത്. ടോട്ടനം താരം എറിക് ലമേലയെയും അത്‌ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരം എയ്ഞ്ചൽ ഡി കൊറിയ എന്നിവർക്കും ലയണൽ സ്കലോനിയുടെ ടീമിൽ ഇടം ലഭിച്ചട്ടില്ല.

Also Read: ബ്ലാസ്റ്റേഴ്സിന്റെ കിരീട സാധ്യതകളുടെ സമവാക്യമോ? ആരാണ് ഗാരി ഹൂപ്പർ

അതേസമയം ആസ്റ്റൻ വില്ലയുടെ ഗോൾകീപ്പർ എമിലിനോ മാർട്ടനെസും പ്രതിരോധ താരങ്ങളായ ഫകുണ്ടോ മെഡിനയും ന്യൂവൻ പെരേസും അർജന്റീനിയൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. മെസിക്കൊപ്പം മുന്നേറ്റത്തിൽ ലെതുറോ മാർടിനസും ലൂകാസ് ഒകാമ്പോയും മുന്നേറ്റത്തിൽ കളിക്കും. പകരക്കാരനായി ഡിബാലെയെയും പ്രതീക്ഷിക്കാം.

മാർച്ചിൽ നടക്കാനിരുന്ന യോഗ്യത റൗണ്ട് മത്സരങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് മാറ്റിവച്ചത്. പത്ത് ടീമുകളാണ് റൗണ്ട് റോബിൻ ഫോർമാറ്റിൽ ഹോം-എവേ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ നേരിട്ട് ഖത്തർ ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർ ഇന്രർകോന്റിനന്റൽ പ്ലേ ഓഫ് കളിക്കേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook