ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച ചുവപ്പ് കാർഡുമായി മെസി കളം വിട്ട കോപ്പ അമേരിക്കയുടെ ലൂസേഴ്സ് ഫൈനൽ പോരാടത്തിൽ അർജന്റീനക്ക് ജയം. ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന മൂന്നാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ചത്. സെർജിയോ അഗ്യൂറോ, പൗളോ ഡൈബാല എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ചിലിയുടെ ആശ്വാസ ഗോൾ അർതുറോ വിദാലിന്റെ വകയായിരുന്നു.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകൾ നേർക്കുനേർ വന്ന മത്സരത്തിൽ വാശിയേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മത്സരം പലപ്പോഴും കൈയ്യാങ്കളിയിലേക്ക് നീങ്ങി. മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച അർജന്റീനക്ക് വേണ്ടി അക്കൗണ്ട് തുറന്നത് സെർജിയോ അഗ്യൂറോയായിരുന്നു. 12-ാം മിനിറ്റില്‍ മെസിയുടെ അളന്നുമുറിച്ച പാസ് അഗ്യൂറോ വലയിലെത്തിച്ചു.

രണ്ടാം ഗോളിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല മെസിയുടെ അർജന്റീനിയൻ പടക്ക്. 22-ാം മിനിറ്റിൽ പൗള ഡിബാലയുടെ വക രണ്ടാം ഗോൾ. ഇതോടെ സമ്മർദ്ദത്തിലായ ചിലി താരങ്ങൾ പ്രകോപിതരായി. ഫലമോ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ചുവപ്പ് കാർഡുകൾ. പരസ്പരം തമ്മിലടിച്ചതിന് 37-ാം മിനിറ്റില്‍ ലയണല്‍ മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ് ലഭിച്ചു. മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.

രണ്ടാം പകുതിയിലായിരുന്നു ചിലിയുടെ ആശ്വാസ ഗോൾ. 59-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച ആര്‍തുറോ വിദാലാണ് ചാമ്പ്യന്മാർക്ക് ആശ്വാസ ഗോൾ സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook