റിയോ ഡി ജനീറോ: പുറത്താകലിന്റെ പടിവാതില്ക്കല് നിന്ന് വീണ്ടും അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. ലാസ്റ്റ് ബെല്‍ അടിച്ച ശേഷം ക്ലാസില്‍ കയറുന്ന കുട്ടികള്‍ എന്ന വിശേഷണം കോപ്പ അമേരിക്കയിലും മെസിപ്പട ആവര്‍ത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെയും നിര്‍ണായകവുമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ഖത്തറിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിലെ രണ്ടാമന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ സാധിക്കാതെ പോയിരുന്നെങ്കില്‍ അര്‍ജന്റീന കോപ്പ അമേരിക്കയില്‍ നിന്ന് പുറത്താകുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ ആദ്യ ജയം കൂടിയാണിത്. ഒരു മത്സരം തോറ്റപ്പോള്‍ മറ്റൊരു മത്സരത്തില്‍ സമനില കുരുക്കിലാകുകയായിരുന്നു. വെനസ്വേലയാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
Read Also: കോപ്പയില്‍ മെസി രക്ഷകനായി; നാണക്കേടില്‍ നിന്ന് കഷ്ടിച്ച് സമനില നേടി അര്‍ജന്റീന
ഖത്തറിനെതിരായ മത്സരത്തില്‍ ആദ്യ മിനിറ്റ് മുതലേ അര്‍ജന്റീനയ്ക്ക് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മുന്നിലെത്തി. തിരിച്ചടിക്കാന്‍ ഖത്തര്‍ ഏറെ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പലവട്ടം അര്‍ജന്റീനയുടെ ഗോള്‍ മുഖത്തേക്ക് ഖത്തര്‍ ഇരച്ചെത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിക്കാതെ പോയി. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ സ്വന്തമാക്കിയതോടെ ഖത്തര്‍ തിരിച്ചടിക്കാന്‍ സാധിക്കാത്ത വിധം പ്രതിരോധത്തിലായി.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വായെ തോല്‍പ്പിച്ചു. പരാഗ്വായ് തോറ്റതോടെയാണ് രണ്ടാം സ്ഥാനക്കാരായി അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പരാഗ്വായ് ജയിച്ചിരുന്നെങ്കില്‍ അര്‍ജന്റീനയുടെ ജയം കൊണ്ടും ഫലം ഇല്ലാതെ പോകുമായിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.