റിയാദ്: സൂപ്പർ ക്ലാസിക്കോയിൽ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയവുമായി അർജന്‍റീന. സൗദി അറേബ്യയിലെ റിയാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീനയുടെ ജയം. വിലക്കിന് ശേഷം തിരിച്ചെത്തിയ നായകൻ ലിയോണൽ മെസിയാണ് അർജന്‍റീനയുടെ ഗോൾ നേടിയത്. റിയാദിലെ കിംഗ് സൗദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

പതിനാലാം മിനുട്ടിൽ മെസി എടുത്ത പെനാൽറ്റി കിക്ക് ബ്രസീൽ ഗോളി അലിസൺ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസി ഗോൾ ഉറപ്പാക്കി. പത്താം മിനുട്ടിൽ ബ്രസീലിന് കിട്ടിയ പെനാൽറ്റി ഗബ്രിയേൽ ജിസ്യൂസ് പാഴാക്കി. പെനാല്‍റ്റി പാഴാക്കിയതാണ് ബ്രസീലിന് വിനയായത്. ഗബ്രിയേല്‍ ജീസസ് എടുത്ത കിക്ക് പോസ്റ്റിനു പുറത്തേക്ക് പോവുകയായിരുന്നു. നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്.

ബ്രസീൽ ഗോളി അലിസൺ മികച്ച സേവുകളുമായി മത്സരത്തിൽ തിളങ്ങി. മത്സരത്തിലുടനീളം മുന്നിട്ടു നിന്നത് ബ്രസീലാണെങ്കിലും കിട്ടിയ അവസരം അർജൻ്റീന ഗോളാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് പുറത്തായതിനുള്ള മധുര പ്രതികാരം കൂടിയാണ് അർജന്‍റീനയുടെ ഈ നേട്ടം.

റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ബ്രസീല്‍ – അര്‍ജന്റീന സൌഹൃദ ഫുട്ബോള്‍ മത്സരം. കഴിഞ്ഞ തവണ സൗദിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനായിരുന്നു ജയം. ഇരുപത്തിയയ്യായിരം സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകള്‍ വില്‍പന തുടങ്ങി രണ്ടാം ദിനം വിറ്റുപോയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook