ഫുട്ബോൾ മൈതാനത്ത് ചരിത്രനേട്ടവുമായി ഇത്തിരിക്കുഞ്ഞൻമാരായ ഐസ്‌‌ലൻഡ്. 2018 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടിക്കൊണ്ടാണ് ഐസ്‌ലൻഡ് താരങ്ങൾ കായിക ലോകത്തെ ഞെട്ടിച്ചത്. കാൽപന്തുകളിയുടെ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഐസ്‌ലൻഡ്.

യൂറോപ്പിലെ യോഗ്യത റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഐസ്‌ലൻഡ് ലോകകപ്പിന് യോഗ്യത നേടിയത്. കരുത്തരായ ക്രൊയേഷ്യ, ഉക്രെയിൻ എന്നിവരടങ്ങുന്ന ‘ഐ’ ഗ്രൂപ്പിൽ നിന്നാണ് ഐസ്‌ലൻഡ് ലോകകപ്പ് ടിക്കറ്റ് നേടിയത്. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഈ ഇത്തിരിക്കുഞ്ഞൻമാർ റഷ്യയിലേക്കുള്ള ടിക്കറ്റ് നേടിയത് എന്നത് ശ്രദ്ധേയമാണ്. 10 മത്സരങ്ങളിൽ നിന്ന് 7 ജയവും 1 സമനിലയും 2 തോൽവിയും ഉൾപ്പടെ 22 പോയിന്റാണ് ഐസ്‌ലൻഡ് നേടിയത്.

ഇന്നലെ നടന്ന മത്സരത്തിൽ കൊസോവയെ എതിരില്ലാത്ത 2 ഗോളിന് തകർത്താണ് ഐസ്‌ലൻഡ് വിജയം ആഘോഷിച്ചത്. ഐസ്‌ലൻഡിന്റെ സൂപ്പർ താരം ഗിൽഫി സിഗൂഡ്സണും, ജോനാനുമാണ് എതിരാളികളുടെ വലനിറച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ