മെല്‍ബണ്‍: ഒരു കാഴ്ച്ചയ്ക്ക് ഒരേ സമയം സന്തോഷിപ്പിക്കാനും നൊമ്പരപ്പെടുത്താനും സാധിക്കുമോ? അത്തരത്തിലൊരു കാഴ്ച്ചയോടെയായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് അവസാനിച്ചത്. ആർച്ചി ഷില്ലറെന്ന് ആറ് വയസുകാരന്‍ കളി ജയിച്ച് മടങ്ങുന്ന ഇന്ത്യന്‍ ടീമിന് ഹസ്തദാനം ചെയ്യാനെത്തിയ കാഴ്ച്ച കളിയാരാധകരുടെ കണ്ണു നിറയ്ക്കുന്നതായിരുന്നു.

ഇന്ത്യന്‍ താരങ്ങളെ ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് ആര്‍ച്ചി കടന്നു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ ആര്‍ച്ചിയോട് കുശലം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വൈസ് ക്യാപ്റ്റന്റെ ഗൗരവ്വത്തോടെ കൂടുതലൊന്നും സംസാരിക്കാതെ ആര്‍ച്ചി ഹസ്തദാനം ചെയ്ത് കടന്നു പോവുന്നതും വീഡിയോയില്‍ കാണാം.

മെയ്ക്ക് എ വിഷ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അപൂര്‍വ്വമായ ഹൃദ്രോഗം ബാധിച്ച ഷില്ലെര്‍ തനിക്ക് ഓസീസ് ക്യാപ്റ്റനാകണമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കളാണ് മെയ്ക്ക് എ വിഷ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടത്. ഇവര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ബന്ധപ്പെട്ട് ആറ് വയസുകാരന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ കോച്ചായ ജസ്റ്റിന്‍ ലാങ്ങറാണ് കുട്ടിയെ നേരിട്ട് വിളിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയത് അറിയിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിശീലനത്തില്‍ കുഞ്ഞ് ഷില്ലെറെയും ഉള്‍പ്പെടുത്തിയിരുന്നു. മെല്‍ബണ്‍ ടെസ്റ്റിനുള്ള ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഷില്ലര്‍. ടോസ് ഇടാന്‍ ടിം പെയ്‌നിനൊപ്പമെത്തുകയും ചെയ്തിരുന്നു ഷില്ലര്‍. ക്രിക്കറ്റ് ആരാധകരുടെ മനസില്‍ തൊടുന്ന കാഴ്ച്ചയായിരുന്നു ആര്‍ച്ചി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ