ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ട് എന്ന അതിവേഗ ഓട്ടക്കാരനെ അതിമാനുഷരുടെ ഇടയിലാണ് ലോകം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഓട്ടക്കാരനെന്ന നിലയില്‍ വിരമിച്ച ബോള്‍ട്ട് ഫുട്‌ബോളില്‍ ഒരുകൈ നോക്കാന്‍ ശ്രമം ആരംഭിച്ചിട്ട് നാളുകളേറെയായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കണമെന്ന ആഗ്രഹമുള്ള ബോള്‍ട്ട് ഇപ്പോള്‍ എ ലീഗിലേക്കാണ് കടന്നുവരുന്നത്. ഇതിന്റെ ആദ്യപടിയായി സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് ക്ലബ്ബിനൊപ്പമാണ് ബോള്‍ട്ട് പരിശീലനം നടത്തുന്നത്. ഇത് സംബന്ധിച്ച് ക്ലബ്ബ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബോള്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായി കാണിച്ച ട്വീറ്റിന് ഉസൈന്‍ ബോള്‍ട്ടും മറുപടി നല്‍കി.

‘ഓസ്ട്രേലിയയിലേക്ക് വരുന്നതില്‍ ഞാന്‍ വളരെയധികം ആകാംക്ഷയിലാണ്. സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സിന്റെ ഉടമയോടും മാനേജ്മെന്റിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു’, ബോള്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ‘പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കുക എന്നത് എന്റെ സ്വപ്നായിരുന്നു. എ ലീഗില്‍ ചലനമുണ്ടാക്കാനും കളിക്കാനും വളരെയധികം പരിശീലനവും കഠിനാധ്വാനവും വേണ്ടി വരുമെന്ന് എനിക്ക് അറിയാം. ക്ലബ്ബിന് വേണ്ടി നല്ല സംഭാവനകള്‍ നല്‍കാനാവുമെന്നാണ് വിശ്വാസം. എന്തും സാധ്യമാണ് എന്നാണ് ഞാന്‍ എന്നും പറയാറുളളത്. വെല്ലുവിളികളിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്. അതിര് എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല’, ഉസൈന്‍ ബോള്‍ട്ട് വ്യക്തമാക്കി.

എന്നാല്‍ ഉസൈന്‍ ബോള്‍ട്ടിന് ഇപ്പോള്‍ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ക്ലബ്ബിലെത്തിക്കുന്നത്. കളിയുടെ കരാര്‍ സംബന്ധിച്ച് ക്ലബ്ബ് തീരുമാനം എടുത്തിട്ടില്ല. ലയണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കിവാഴുന്ന ഫുട്‌ബോള്‍ ലോകത്ത് വേഗതയൊന്നുകൊണ്ടുമാത്രം ബോള്‍ട്ടിന് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വേഗരാജാവിന് ഫുട്‌ബോള്‍ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുക്കാനാണ് ഇപ്പോള്‍ സെന്‍ട്രല്‍ കോസ്റ്റ് പച്ചക്കൊടി കാണിച്ചത്. ഏതുവിധേനയും കളി പഠിച്ചെടുത്ത് മത്സരത്തിനിറങ്ങാന്‍ ബോള്‍ട്ടും തിരക്കുകൂട്ടുകയാണ്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ബോള്‍ട്ട് പരിശീലനം നടത്തിയിരുന്നു. മികച്ച കളിക്കാരനാകുകയാണ് ലക്ഷ്യമെന്ന് താരം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook