ഇന്നലെ മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധരുടെ ചര്‍ച്ചകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയുടെ അണ്ടര്‍ 20 ടീം നേടിയ വിജയമാണ്. പേരുകേട്ട നീലപ്പടയെ നമ്മുടെ യുവനിര യാതൊരു പേടിയും കൂടാതെ നേരിടുകയും തകര്‍ക്കുകയും ചെയ്തിരിക്കുന്നു. വിജയം ആഘോഷമാക്കുന്നവരൊക്കെ തിരയുന്നത് ഒരുവനെ കുറിച്ചാണ്. വിജയമുറപ്പിച്ച ആ ഫ്രീകിക്ക് എടുത്തവനെ.

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലൂടെ ഇന്ത്യ കണ്ടെത്തിയ പഞ്ചാബ് താരം അന്‍വര്‍ അലിയാണ് അത്. പ്രതിരോധ താരമായ അന്‍വര്‍ അലി നേടിയ ലക്ഷണമൊത്തൊരു ഫ്രീകിക്ക് ഗോളാണ് അര്‍ജന്റീനയെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മത്സരത്തിന്റെ 68-ാം മിനിറ്റിലാണ് അന്‍വര്‍ അലിയുടെ മനോഹരമായ ഫ്രീകിക്ക് ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്സില്‍ നിന്നും ഏറെ അകലത്തില്‍ നിന്നെടുത്ത ഈ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിയാണ് വല ചലിപ്പിച്ചത്. ഇതോടെയാണ് ആറുതവണ അണ്ടര്‍ 20 ലോകകപ്പില്‍ ചാമ്പ്യന്‍മാരായിട്ടുള്ള അര്‍ജന്റീന പരാജയം സമ്മതിച്ചത്.

മോഹന്‍ ബഗാന്‍, ഈസ്റ്റ്ബംഗാള്‍, ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് കളിച്ച അന്‍വര്‍ അലി ഈ സീസണില്‍ മുംബൈ സിറ്റി എഫ്സിക്കായാണ് കളിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിലും അന്‍വര്‍ അലി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

സ്‌പെയിനില്‍ നടക്കുന്ന കോടിഫ് കപ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. അര്‍ജന്റീനയുടെ പ്രതാപത്തെ യാതൊരു ആശങ്കയും ഭയവുമില്ലാതെയാണ് ഇന്ത്യ നേരിട്ടത്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ തന്നെയാണ് ആദ്യം വല കുലുക്കിയതും. നാലാം മിനിറ്റില്‍ ദീപക്കാണ് ഹെഡറിലൂടെ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് ഉയര്‍ത്തിയത്.

പിന്നെ ഗോളടിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം വല കാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ആദ്യ പകുതി അവസാനിക്കും വരെ സ്‌കോര്‍ 1-0 ല്‍ തന്നെ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അനികേതിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ആദ്യമൊന്ന് പിന്നോട്ട് വലിഞ്ഞെങ്കിലും പിന്നീട് മുന്നോട്ട് കയറി. അന്‍വര്‍ അലിയിലൂടെ അര്‍ജന്റീനന്‍ വലകുലുക്കി ലീഡ് ഉയര്‍ത്തുകയായിരുന്നു. 68-ാം മിനിറ്റിലാണ് അന്‍വര്‍ അലി ഒരു ലോങ് റേഞ്ചിലൂടെ 2-0 എന്ന നിലയില്‍ ടീമിനെ മുന്നില്‍ എത്തിച്ചത്.

വിജയത്തിന് അരികെ ഇന്ത്യ എത്തി നില്‍ക്കെ ഒരു ഗോള്‍ മടക്കി അര്‍ജന്റീന ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യ ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു. കോടിഫ് കപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ വെനിസ്വേലയെ സമനിലയില്‍ പിടിക്കാനും ഇന്ത്യക്കായിരുന്നു. ജയിച്ചു എങ്കിലും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 9 പോയിന്റോടെ അര്‍ജന്റീനയും 7 പോയിന്റോടെ വെനിസ്വേലയുമാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ