ബെംഗളൂരു: നായകനെന്നാല്‍ എന്തു വില കൊടുത്തും കളി വിജയിക്കാൻ കഴിയുന്നവനാകണം. അതൊരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. കൈവിട്ടു പോകുമായിരുന്ന കളി വിരാട് തിരിച്ചു പിടിച്ചത് തകര്‍പ്പനൊരു ക്യാച്ചിലൂടെയായിരുന്നു.

കളി മുംബൈയ്ക്ക് അനുകൂലമായി മാറ്റിയ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റാണ് വിരാട് അക്ഷരാര്‍ത്ഥത്തില്‍ പറന്നു പിടിച്ചത്. അര്‍ധ സെഞ്ചുറി എടുത്തു നില്‍ക്കെയാണ് ഹാർദിക് പുറത്താകുന്നത്. ബൗണ്ടറി ലൈനിരികില്‍ നിന്നും ഓടിയെത്തിയ വിരാട് മുന്നോട്ട് ചാടി പന്ത് പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ മുംബൈയുടെ വിജയ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.

14 റണ്‍സിനായിരുന്നു വിരാട് കോഹ്‌ലിയും സംഘവും രോഹിത്തിന്റെ മുംബൈയെ തകര്‍ത്തത്. ബെംഗളൂരു ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 153 ല്‍ കളിയവസാനിപ്പിക്കുകയായിരുന്നു.

ഓള്‍ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനം പാഴായ മൽസരത്തില്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യ 42 പന്തില്‍ അര്‍ധ സെഞ്ചുറിയും 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടി. അതേസമയം, റണ്‍സൊന്നുമെടുക്കാതെയാണ് നായകന്‍ മടങ്ങിയത്.

മുംബൈയ്ക്കായി ജെ.പി.ഡുമിനി (29), പൊള്ളാര്‍ഡ് (13), ക്രുനാല്‍ പാണ്ഡ്യ (23), ബെന്‍ കട്ടിങ് (12) എന്നിവരും പൊരുതി നോക്കിയെങ്കിലും വിജയതീരം തൊടാന്‍ സാധിച്ചില്ല.

31 പന്തില്‍ 45 റണ്‍സടിച്ച ഓപ്പണര്‍ മാനന്‍ വോഹ്‌റയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. രണ്ടു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു വോഹ്‌റയുടെ ഇന്നിങ്‌സ്. മക്കല്ലം 37 റണ്‍സെടുത്ത് റണ്‍ഔട്ടായപ്പോള്‍ 32 റണ്‍സായിരുന്നു നായകന്‍ വിരാട് കോഹ്‌ലി നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ