ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമ്മയുമുണ്ട്. വിവാഹശേഷം സിനിമയുടെ ഇടവേളകളിൽ കിട്ടുന്ന സമയമെല്ലാം അനുഷ്ക ഭർത്താവിന്റെ കളി കാണാൻ ഗ്യാലറിയിൽ എത്താറുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും അനുഷ്കയുടെ സാന്നിധ്യം ഗ്യാലറിയിൽ ഉണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ജയിച്ചെത്തിയ കോഹ്ലിയെ ആലിംഗനം ചെയ്താണ് അനുഷ്ക സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റു വാങ്ങി. അവസാന ഏകദിനത്തിൽ ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീം തോൽവിയോടെയാണ് കളിക്കളം വിട്ടത്. അവസാന മൽസരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയം ആഘോഷിക്കാനായി അനുഷ്കയും എത്തിയിരുന്നു. എന്നാൽ അനുഷ്കയ്ക്കും നിരാശയോടെ മടങ്ങേണ്ടി വന്നു.
വൈറ്റ് നിറത്തിലുളള സൽവാർ ധരിച്ച് സുന്ദരിയായിട്ടാണ് അനുഷ്ക കളി കാണാനെത്തിയത്. കൈയ്യിൽ കോഫി കപ്പും പിടിച്ചിരിക്കുന്ന അനുഷ്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ അനുഷ്ക വളരെ സുന്ദരിയായിരിക്കുന്നുവെന്നാണ് താരത്തിന്റെ ആരാധകരുടെ കമന്റ്.
ഏതാനും ദിവസം മുൻപ് അനുഷ്കയും കോഹ്ലിയും ലീഡ്സിൽ ഷോപ്പിങ് നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളിൽനിന്നും ബ്രേക്ക് എടുത്താണ് ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ അനുഷ്ക ഇംഗ്ലണ്ടിലേക്ക് പറന്നത്.
അതേസമയം, അവസാന ഏകദിനത്തിൽ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കോഹ്ലിയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 72 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 71 റൺസാണ് കോഹ്ലിയെടുത്തത്.
മൂന്നാം ഏകദിനത്തിൽ ഇന്ത്യ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ വിജയം എട്ടു വിക്കറ്റിനായിരുന്നു. ഇന്ത്യ ഉയർത്തിയ 257 റൺസ് 44.3 ഓവറിൽ അനായാസം ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ട് സെഞ്ചുറിയും ഇയാൻ മോർഗൻ അർദ്ധസെഞ്ചുറിയും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇംഗ്ലണ്ട് നേടി.