ഇന്ത്യന്‍ ടീമിനെ ലോകകപ്പിന് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ബിസിസിഐ. ടീമിനെ പ്രഖ്യാപിക്കുന്നത് മുതല്‍ താരങ്ങളെ മൈതാനത്ത് അണിനിരത്തുന്നത് വരെയുളള നിരവധി ഉത്തരവാദിത്തങ്ങളാണ് ബിസിസിഐക്ക് മുമ്പിലുളളത്. ഇതിനിടയിലാണ് ഭാര്യമാരെ താരങ്ങള്‍ കൂടെ കൂട്ടുന്നതിന്റെ ഉത്തരവാദിത്തവും ബിസിസിഐയുടെ കൈയില്‍ വരുന്നത്. ഓസ്ട്രേലിയ-ന്യൂസിലൻഡ് പര്യടനത്തിന് ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ കൂടെ തന്നെ ഉണ്ടായിരുന്നു.

വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മ പരമ്പരകളില്‍ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. ഭാര്യമാരെ കൂടാതെ കുട്ടികളേയും താരങ്ങൾ കൂടെ കൂട്ടുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് ആവാറുണ്ടെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ടീമിന്റെ കൂടെയുളള സംഘത്തിന്റെ എണ്ണം കുറവാണെങ്കില്‍ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും. ഫീല്‍ഡിന് പുറത്തുളള ഒരുക്കങ്ങള്‍ ചെയ്യാനും ബിസിസിഐ ജീവനക്കാര്‍ക്ക് സൗകര്യപ്രദമാകും. റൂമിന് ടിക്കറ്റ്ബുക്ക് ചെയ്യുന്നത് അടക്കമുളള കാര്യങ്ങള്‍ ചെയ്യുന്നത് ബിസിസിഐ ആണ്,’ ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ എന്നിവരുടെ ഭാര്യമാര്‍ നിരന്തരം ടീമിന്റെ കൂടെ പര്യടനത്തിന് പോവാറുണ്ട്. ഇവരുടെ യാത്രാ സൗകര്യവും താമസസൗകര്യവും ഒരുക്കുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. കൂടാതെ മത്സര ടിക്കറ്റുകളും ഇവര്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കേണ്ടി വരുന്നതും ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകകപ്പിലും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ‘ദുഃസ്വപ്നം’ ആയി മാറുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘കാര്യങ്ങള്‍ നേരായ രീതിയില്‍ ക്രമീകരിക്കുന്നതില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഇംഗ്ലണ്ടില്‍ ലോകകപ്പിലും കുടുംബങ്ങള്‍ താരങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ ഇവരെ എല്ലാവരേയും കൈകാര്യം ചെയ്യുക എന്നത് വെല്ലുവിളിയാണ്. കുടുംബങ്ങള്‍ക്ക് മത്സര ടിക്കറ്റുകള്‍ ഒരുക്കുന്നത് പോലും ഏറെ ശ്രമകരമാണ്. അതിനൊക്കെ നിയമപരമായ കാര്യങ്ങളുണ്ട്. അല്ലാതെ പണത്തിന്റെ കാര്യമല്ല ഇവിടെ പ്രശ്നം,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നത് വരെ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബിസിസിഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പല രാജ്യങ്ങളിലും ഇപ്പോള്‍ കുടുംബങ്ങളെ ടീമുകള്‍ക്കൊപ്പം വിടുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 2007ല്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ആഷസ് പരാജയപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ ബോര്‍ഡ് നടപടി എടുത്തിരുന്നു. മത്സരങ്ങള്‍ക്കിടെ കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കും ഒപ്പം താരങ്ങള്‍ സമയം ചെലവിടുന്നത് കുറയ്ക്കണമെന്നാണ് അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച സമിതി നിർദ്ദേശിച്ചത്. ഇതിനെതിരെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ