ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ – കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന് ശേഷം വെട്ടിലായിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും വിഖ്യാത കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. മത്സരത്തിൽ കമന്ററി പറയുന്നതിനിടയിൽ ബാംഗ്ലൂർ നായകൻ കോഹ്‌ലിയെയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയെയും ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് ക്രിക്കറ്റ് ലോകത്ത് വിവാധങ്ങൾക്കും വിമർശനങ്ങൾക്കും തുടക്കമിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സുനിൽ ഗവാസ്കറിനെതിരെ ആരാധകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിനിടയിലാണ് ഗവാസ്കറിന് മറുപടിയായി അനുഷ്ക തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കളിയിൽ കമന്ററി പറയുമ്പോൾ ഓരോ കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നാണ് ഗവാസ്കറെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ അനുഷ്ക എന്നാൽ ഞങ്ങളോട് തുല്ല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതുന്നില്ലേയെന്ന് ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read: ഗവാസ്‌കർ വെട്ടിൽ; കോഹ്‌ലിയെയും അനുഷ്‌കയെയും ബന്ധപ്പെടുത്തി മോശം പരാമർശം നടത്തിയെന്ന് ആരാധകർ

“കളിയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ നിങ്ങൾ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നോടും ഞങ്ങളോടും നിങ്ങൾക്ക് തുല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്നില്ലേ? കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെടാൻ നിങ്ങളുടെ മനസിൽ മനസ്സിൽ മറ്റ് നിരവധി വാക്കുകളും വാക്യങ്ങളും ഉണ്ടെന്നും എനിക്ക് ഉറപ്പുണ്ട്”

“ഇത് 2020 ആണ്, എന്റെ കാര്യങ്ങളി ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് ഞാൻ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കുകയും ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കുകയും ചെയ്യുന്നത്? ബഹുമാനപ്പെട്ട മിസ്റ്റർ ഗവാസ്‌കർ, ഈ മാന്യന്മാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന ആളാണ് നിങ്ങൾ. നിങ്ങൾ അത് പറയുന്നത് കേട്ടപ്പോൾ ഞാൻ ഇത്രയും നിങ്ങളോട് പറയാൻ ആഗ്രഹിച്ചു” അനുഷ്ക പറഞ്ഞു.

Also Read: രാജാവിന്റെ മകൻ; ആരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം വിൻസെന്റ് ഗോമസ്?

മത്സരത്തിലുടനീളം ആർസിബി നായകൻ കോഹ്‌ലി മോശം പ്രകടനമാണ് നടത്തിയത്. പഞ്ചാബ് നായകൻ കെ.എൽ.രാഹുലിന്റെ ക്യാച് രണ്ട് തവണ കോഹ്‌ലി നഷ്‌ടപ്പെടുത്തി. രാഹുൽ 83 ലും 89 ലും നിൽക്കുമ്പോഴാണ് തുടർച്ചയായ ഓവറുകളിൽ കോഹ്‌ലി ക്യാച് നഷ്‌ടപ്പെടുത്തിയത്. ഫീൽഡിങ്ങിലെ മോശം പ്രകടനത്തിനു പിന്നാലെ ബാറ്റിങ്ങിലും കോഹ്‌ലി നിരാശപ്പെടുത്തി. അഞ്ച് പന്തിൽ നിന്ന് വെറും ഒരു റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്. ഇതിനു പിന്നാലെയാണ് ഗവാസ്‌കറുടെ പരാമർശം. കോഹ്‌ലിയെ പരിഹസിച്ചുള്ള പരാമർശമായിരുന്നു അത്.

ഗവാസ്‌കറെ കമന്ററി പാനലിൽ നിന്നു പുറത്താക്കണമെന്ന് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും ആരാധകർ ആവശ്യപ്പെടുന്നു. ലോക്ക്‌ഡൗണ്‍ കാലത്ത് വീട്ടിൽ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് പരിശീലിക്കുന്ന കോഹ്‌ലിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഗവാസ്‌കറുടെ കമന്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook