ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും സ്വന്തമാക്കി. ഏഴ് പതിറ്റാണ്ടിന്രെ കാത്തിരിപ്പിനാണ് വിരാട് കോഹ്ലിക്ക് കീഴിലുള്ള ഇന്ത്യൻ ടീം അവസാനം കുറിച്ചത്. നേരത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയിരുന്നു.
മെൽബണിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ ധോണിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ആറ് ഓസ്ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയ ചാഹലും, പുറത്താകാതെ 61 റൺസുമായി കേദാർ ജദവും 46 റൺസുമായി വിരാട് കോഹ്ലിയും മികച്ച പിന്തുണ നൽകി.
ഇതിന് പിന്നാലെയാണ് വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും ആശംസകളുമായി ബോളിവുഡ് താരം അനുഷ്ക ശർമ്മ ട്വീറ്റ് ചെയ്തത്. ഇന്ത്യൻ താരങ്ങളെ അഭിന്ദിച്ച അനുഷ്ക തന്റെ ഭർത്താവായ വിരാട് കോഹ്ലിയെ ഓർത്ത് ഏറെ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
“എത്ര വിശിഷ്ടവും അവിസ്മരണീയവുമായ പര്യടനമായിരുന്നു!! ഇന്ത്യയുടെ ചരിത്ര വിജയങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. അഭിന്ദനങ്ങൾ ഇന്ത്യ. വിരാടിനെ കുറിച്ച് ഏറെ അഭിമാനിക്കുന്നു,” അനുഷ്ക ട്വിറ്ററിൽ കുറിച്ചു.
What an unforgettable & outstanding tour it's been !! Happy to have witnessed the historic victories by the men HUGE congratulations And so proud of you my love @imVkohli pic.twitter.com/QdAdN9OFaz
— Anushka Sharma (@AnushkaSharma) January 18, 2019
മെൽബണിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 231 റൺസെന്ന ചെറിയ വിജയസക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച ധോണിയും കോഹ്ലിയും ചേർന്നാണ് ഇന്ത്യൻ സ്കോർബോർഡിന് അടിത്തറ പാകിയത്. മൂന്നാം വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് തികച്ച് കോഹ്ലി മടങ്ങിയതിന് പിന്നാലെയെത്തിയ ജാദവ് ധോണിക്ക് ശക്തമായ പിന്തുണ നൽകുകയായിരുന്നു.