ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് എപ്പോഴും പിന്തുണ നൽകുന്ന വ്യക്തിയാണ് ഭാര്യ അനുഷ്ക ശർമ്മ. തന്റെ ഭാര്യയാണ് തനിക്കേറ്റവും വലിയ കരുത്തെന്ന് കോഹ്‌ലി പലതവണ പറഞ്ഞിട്ടുമുണ്ട്. കോഹ്‌ലിയുടെ വാക്കുകൾ സത്യമായിരുന്നുവെന്ന് കാണിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നൊരു വീഡിയോ.

ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിനിടയിൽനിന്നുളളതാണ് വീഡിയോ. ഡൽഹിയിലെ ഫിറോഷ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമ്മയും എത്തിയത്. സ്റ്റേഡിയത്തിലെ ഒരു പവലിയന് ഡൽഹി സ്വദേശി കൂടിയായ വിരാട് കോഹ്‌ലിയുടെ പേര് നൽകുന്ന ചടങ്ങും ഇതിനൊപ്പം നടന്നിരുന്നു.

Read Also: അനുഷ്ക ശർമ്മയുടെ ബീച്ച് ഫോട്ടോ വിരാട് കോഹ്‌ലിയുടെ ഹൃദയം കവർന്നു

ചടങ്ങിൽ ഡിഡിസിഎ (ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡന്റ് രജത് ശർമ്മ ഇന്ത്യൻ നായകന്റെ പിതാവ് പ്രേം കോഹ്‌ലിയുടെ മരണ വാർത്തയറിഞ്ഞ് അരുൺ ജെയ്റ്റ്‌ലി അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ”വിരാടിന്റെ വീട്ടിലെത്തിയപ്പോഴാണ് പിതാവ് മരിച്ചിട്ടും വിരാട് കോഹ്‌ലി രാജ്യത്തിനുവേണ്ടി മത്സരം കളിക്കാൻ പോയതായി അരുൺ ജെയ്റ്റ്‌ലി അറിയുന്നത്. ക്രിക്കറ്റിൽ കോഹ്‌ലിയുടെ പേര് ലോകം മുഴുവൻ അറിയുമെന്ന് അന്നു തന്നെ ജെയ്റ്റ്‌ലി പ്രവചിച്ചു,” രജത് ശർമ്മ പറഞ്ഞു.

തന്റെ പിതാവിനെക്കുറിച്ച് കേട്ടതും വിരാട് കോഹ്‌ലി വികാരാധീനനായി. ഇതു മനസിലാക്കിയ ഭാര്യ അനുഷ്ക ശർമ്മ പെട്ടെന്ന് തന്നെ കോഹ്‌ലിയുടെ കൈയ്യിൽ ചുംബിച്ചു. താൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറയുന്നതുപോലെ കോഹ്‌ലിയുടെ കൈ കോർത്തു പിടിച്ചു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ക്രിക്കറ്റിലെ വിരാട് കോഹ്‌ലിയുടെ സംഭാവനകൾക്കുളള അംഗീകാരമെന്ന നിലയിലാണ് ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് വിരാടിന്റെ പേര് നല്‍കാൻ ഡിഡിസിഎ തീരുമാനിച്ചത്. നിലവില്‍ ഫിറോസ് ഷാ കോട്‌ലയില്‍ സ്വന്തം പേരില്‍ സ്റ്റാന്‍ഡുകളുള്ളത് ബിഷന്‍ സിങ് ബേദിയ്ക്കും മൊഹീന്ദര്‍ അമര്‍നാഥിനുമാണ്. പക്ഷെ രണ്ട് പേർക്കും വിരമക്കിലിന് ശേഷമാണ് ഈ അംഗീകാരം തേടിയെത്തിയത്.

Read Here: ബാല്യകാല ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ നായകന്റെ മനം കവർന്ന നടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook