ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ടി ട്വന്റി മൽസരം കാണാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും എത്തിയിരുന്നു. കോഹ്‌ലിക്ക് പ്രോൽസാഹനമേകി ഗ്യാലറിയിൽ കളിയുടെ അവസാനം വരെ അനുഷ്ക ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെ അവസാന മൽസരത്തിൽ ഏഴു വിക്കറ്റിന് തോൽപ്പിച്ചാണ് ട്വന്റി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. രോഹിത് ശർമ്മയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്.

പരമ്പര നേടിയ വിരാട് കോഹ്‌ലിയെ ആലിംഗനം ചെയ്താണ് അനുഷ്ക സ്വീകരിച്ചത്. വളരെ യാദൃച്ഛികമായി ഈ ദൃശ്യങ്ങൾ കമന്റേറ്ററുടെ വീഡിയോയിൽ പതിഞ്ഞു. ഇതോടെ അനുഷ്കയുടെ സ്നേഹ സമ്മാനം ഇരുവരുടെയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

വിവാഹശേഷം ഷൂട്ടിങ് ഇടവേളകളിൽ അനുഷ്ക കോഹ്‌ലിക്ക് പിന്തുണയുമായി കളി കാണാൻ എത്താറുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി ട്വന്റി മൽസരം മുതൽ അനുഷ്ക ഭർത്താവിന് ഒപ്പമുണ്ട്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്‌സിലൂടെ ഇന്ത്യ മറികടന്നത്. ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 56 പന്തില്‍ നിന്നും സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍. തുടക്കം മുതല്‍ തന്നെ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ശിഖര്‍ ധവാനെ നഷ്ടമായിട്ടും പുറത്താകെ രോഹിത് ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ വിരാട് കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേസണ്‍ റോയ് 31 പന്തില്‍ 67 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച പിന്തുണ നല്‍കി.

ഇരുവരും പുറത്തായശേഷമിറങ്ങിയ ഹെയ്ല്‍സ് 30 റണ്‍സെടുത്ത് സ്‌കോറിങ് വേഗത നിലനിര്‍ത്തി. എന്നാല്‍ താളം കണ്ടെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന് 200 ലെത്താനായില്ല. ബെയര്‍സ്റ്റോ 25 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടി-20യില്‍ ഇന്ത്യയും കാര്‍ഡിഫില്‍ നടന്ന രണ്ടാം ടി-20 യില്‍ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ