ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനം ഇന്ത്യ ദയനീയമായി പരാജയപ്പെട്ടപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കോഹ്‌ലി-അനുഷ്ക വിവാഹത്തെ കളിയാക്കി കൊണ്ടാണ് ട്വീറ്റുകൾ വന്നത്. വിവാഹം മാറ്റിവച്ച് കോഹ്‌ലി അടുത്ത വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിക്കുമെന്നുമായിരുന്നു കളിയാക്കലുകൾ. ഒന്നാം ഏകദിനത്തിൽ പരാജയം അറിഞ്ഞ ഇന്ത്യ രോഹിത് ശർമയുടെ നായകത്വത്തിൽ രണ്ടും മൂന്നും ഏകദിന മൽസരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കി. മാത്രമല്ല ശ്രീലങ്കയ്ക്കെതിരായ 3 ടി20 മൽസരങ്ങളും ജയിച്ച് ട്വന്റിട്വന്റി പരമ്പരയും നേടി. ഇന്ത്യ വിജയത്തിന്റെ മധുരം നുണഞ്ഞപ്പോൾ ഹണിമൂൺ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ വിരാട് കോഹ്‌ലിയെ കാത്തിരുന്നത് സന്തോഷവാർത്തയായിരുന്നില്ല.

ശ്രീലങ്കയ്ക്കെതിരെ ട്വന്റിട്വന്റി പരമ്പര നേടിയതോടെ ടി 20 റാങ്കിങ്ങിൽ ഇന്ത്യ മുന്നിലെത്തി. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങളെ പിന്തളളി ഇന്ത്യ 2-ാം സ്ഥാനത്തെത്തി. 5-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 119 പോയിന്റിൽനിന്നും 121 പോയിന്റുമായാണ് രണ്ടാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയത്. അതേസമയം, 124 പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിവാഹം മൂലം ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടിട്വന്റി പരമ്പര മിസ് ചെയ്ത വിരാട് ‌കോഹ്‌ലി റാങ്കിങ്ങിൽ താഴെ പോവുകയും ചെയ്തു. ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന കോഹ്‌ലി 3-ാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. മാത്രമല്ല കോഹ്‌ലിയുടെ റേറ്റിങ് പോയിന്റ് 824 ൽനിന്നും 776 ആയി കുറയുകയും ചെയ്തതായി ഐസിസി പ്രസ്താവനയിൽ പറയുന്നു. ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ് പട്ടികയിൽ ഒന്നാമൻ. വെസ്റ്റ് ഇൺഡീസ് താരം എവിൻ ലീവിസ് 2-ാം സ്ഥാനത്തുമെത്തി.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook