മുംബൈ: മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എഞ്ചിനിയറുടെ ആരോപണത്തിന് മറുപടിയുമായി നടിയും ഇന്ത്യന്‍ താരം വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. ലോകകപ്പിനെ ടീം സെലക്ടര്‍മാരിലൊരാള്‍ അനുഷ്‌കയ്ക്ക് ചായ നല്‍കുന്നത് കണ്ടുവെന്ന ആരോപണത്തിലാണ് താരത്തിന്റെ മറുപടി.
വിവാദം സൃഷ്ടിക്കുന്നതിനായി തന്റെ പേര് ഉപയോഗിക്കാന്‍ ആരേയും അനുവദിക്കില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. നേരത്തേയും തന്റെ പേര് ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചട്ട സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. 2014 ല്‍ വിരാടിന്റെ മോശം ഫോമിന് കാരണമായി തന്നെയായിരുന്നു ചൂണ്ടിക്കാണിച്ചിരുന്നതെന്നും അനുഷ്‌ക പ്രതികരണത്തില്‍ പറയുന്നു.
Read More: ‘അനുഷ്‌കയ്ക്ക് ചായ എടുത്തു കൊടുക്കലല്ലേ അവരുടെ പണി’; സെലക്ഷന്‍ കമ്മിറ്റിക്കെതിരെ മുന്‍ താരം
”ദുരുദ്ദേശത്തോടെയുള്ള നുണകളുടെ ഏറ്റവും പുതിയ പതിപ്പ് ലോകകപ്പിനിടെ സെലക്ടര്‍മാര്‍ എനിക്ക് ചായ എടുത്ത് നല്‍കി എന്നതാണ്. പക്ഷെ, ഞാന്‍ ലോകകപ്പില്‍ വന്നത് ഒരേയൊരു മത്സരത്തിനായിരുന്നു. അന്ന് ഇരുന്നത് ഫാമിലി ബോക്‌സിലായിരുന്നു. അല്ലാതെ സെലക്ടമാരുടെ ബോക്‌സിലായിരുന്നില്ല. പക്ഷെ സത്യത്തിന് എവിടെയാണ് സ്ഥാനം” താരം പറയുന്നു.
— Anushka Sharma (@AnushkaSharma) October 31, 2019
”സെലക്ഷന്‍ കമ്മിറ്റിയെ കുറിച്ചും അവരുടെ യോഗ്യതയെ കുറിച്ചും അഭിപ്രായം പറയാനുണ്ടെങ്കില്‍ അത് പറയുക. അല്ലാതെ എന്നെ ഇതിലേക്ക് വലിച്ചിട്ട് നിങ്ങളുടെ അഭിപ്രായത്തെ ഉദ്വേഗഭരിതമാക്കരുത്” അനുഷ്‌ക പ്രസ്താവനയില്‍ പറഞ്ഞു.
”അന്തസ്സോടെ സ്വന്തമായി കെട്ടിപ്പടുത്ത കരിയറും ജീവിതവുമാണ് എന്റേത്. അത് ആരുടെയെങ്കിലും താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഇനി അനുവദിക്കില്ല. ഞാന്‍ സ്വയം പര്യാപ്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്നു മാത്രമെയുള്ളു. അവസാനമായി ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറുള്ളത്” അനുഷ്‌ക പറഞ്ഞു.