ഇന്ത്യയിൽ ഇന്ന് ഏറ്റവും അധികം ആരാധകരുളള താരദമ്പതിമാർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരുടെയും ഉത്തരം വിരാട് കോഹ്ലി-അനുഷ്‌ക ശർമ്മ എന്ന് തന്നെയാകും. താരദമ്പതിമാർ എവിടെയെത്തിയാലും അവരെ തിരക്കി ക്യാമറ കണ്ണുകളെത്തുന്നതും പതിവാണ്.

ഇന്നലത്തെ ഐപിഎൽ മത്സരത്തിൽ വിരാട് ‌കോ‌ഹ്ലിയുടെ ബെംഗലൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിറങ്ങിയപ്പോൾ മത്സരം കാണാൻ അനുഷ്‌കയും എത്തിയിരുന്നു. കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലിക്ക് ഇത് ഇരട്ടി ഊർജ്ജം നൽകിയെന്നതിൽ തർക്കമില്ല. അത്ര ആവേശത്തോടെയാണ് ഭർത്താവിന്റെ ടീമിന് അനുഷ്‌ക പിന്തുണ നൽകിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാമറകൾ പലതവണ അനുഷ്‌കയെ പകർത്തി. ഒരുപക്ഷെ കാണികൾക്കിടയിൽ കാമറകളുടെ ശ്രദ്ധയിൽ ഏറെയും താരറാണിയിലേക്ക് തന്നെയായിരുന്നു. ഇതാദ്യമായല്ല വിരാട് കോഹ്ലിക്കും സംഘത്തിനും വേണ്ടി അനുഷ്‌ക ശർമ്മ പിന്തുണയുമായെത്തുന്നത്. പക്ഷെ ആർസിബിയ്ക്ക് വേണ്ടി ഇന്നലത്തെ അനുഷ്‌കയുടെ പിന്തുണ അത്രയേറെ പ്രത്യേകതകളുളളതായിരുന്നു.

ഭർത്താവിന്റെ പ്രകടനത്തെ അത്ര ആവേശത്തോടെയാണ് അനുഷ്‌ക പിന്തുണച്ചത്. ഒരു ഘട്ടത്തിൽ തകർപ്പൻ ഫീൽഡ് പെർഫോമൻസ് കാഴ്ചവച്ച വിരാടിന് ചുംബനം കൈമാറി അനുഷ്‌ക. വിരാട് കോഹ്ലി ഇന്നലെ മികച്ച ഫോമിലാണ് ബാറ്റ് ചെയ്തതെങ്കിലും അദ്ദേഹം മുജീബ് റഹ്മാന്റെ ബോളിംഗിന് മുന്നിൽ കീഴടങ്ങി. എങ്കിലും താരത്തിന്റെ ടീം ആധികാരിക വിജയം സ്വന്തമാക്കിയത് അനുഷ്‌ക ശർമ്മയ്ക്ക് വളരെയേറെ സന്തോഷം നൽകി.

കൊൽക്കത്തയിൽ കഴിഞ്ഞ മത്സരം തോറ്റാണ് ആർസിബി സീസണിലെ പ്രകടനം തുടങ്ങിയത്. എന്നാൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞ ആർസിബി ബോളർമാർ അവരുടെ സ്കോർ 155 ൽ ഒതുക്കി. കെഎൽ രാഹുൽ 30 പന്തിൽ 47 റൺസ് നേടി പഞ്ചാബ് നിരയിൽ ഒന്നാമതെത്തിയെങ്കിലും അവർക്ക് ജയിക്കാനാവശ്യമായ സ്കോർ നേടാനായില്ല.

കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിപ്പോയ വാഷിംഗ്‌ടൺ സുന്ദർ ഇക്കുറി നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ആർസിബിയുടെ മേധാവിത്വത്തിന് ശക്തിയേകി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ