ജീവിതത്തിലെ തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ അനുഷ്ക ശർമ്മയാണെന്ന് പല അഭിമുഖത്തിലും വിരാട് കോഹ്‌ലി പറഞ്ഞിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സിനു നൽകിയ അഭിമുഖത്തിലും കോഹ്‌ലി ഇക്കാര്യം ആവർത്തിച്ചു. ക്രിക്കറ്റിനു പുറമേ തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്കയെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. തന്നെ ശരിയായ ദിശയിൽ നയിക്കുന്നത് അനുഷ്കയാണെന്നും കോഹ്‌ലി പറഞ്ഞു.

മറ്റെപ്പോഴത്തേക്കാളും കോഹ്‌ലിയുടെ പ്രകടനം ഇപ്പോൾ മികച്ചതാണല്ലോയെന്ന് വിവാഹ ജീവിതം പരാമർശിച്ച് റിച്ചാർഡ്സ് ചോദിച്ചു. ഇതിന് കോഹ്‌ലിയുടെ മറുപടി ഇങ്ങനെ: ”എന്റെ ജീവിതത്തിൽ ക്രിക്കറ്റിന് പുറമേ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അുഷ്ക. ജീവിതത്തിൽ ശരിയായ വ്യക്തിയെയാണ് എനിക്ക് കിട്ടിയത്. അവൾ ഒരു പ്രൊഫഷണലാണ്, എന്റെ പ്രൊഫഷനെ അവൾ ശരിക്കും മനസിലാക്കുന്നുണ്ട്. ശരിയായ ദിശയിൽ അവൾ എന്നെ നയിക്കുന്നുമുണ്ട്,” കോഹ്‌ലി പറഞ്ഞു.

”ഞങ്ങൾ‌ ഒന്നിച്ചായിരിക്കുന്നതിൽ‌ നിന്നും ഞാൻ‌ മനസിലാക്കിയ കാര്യം, ജീവിതത്തിൽ‌ ശരിയായ കാര്യങ്ങൾ‌ ചെയ്യാൻ‌ നിങ്ങൾ‌ ആഗ്രഹിക്കുന്നുവെങ്കിൽ, ബുദ്ധിമുട്ടുളള കാര്യങ്ങൾ‌ ചെയ്യുമ്പോഴും നിങ്ങൾക്കൊപ്പം നിൽക്കും. ഫീൽഡിലും ഇതേ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ ഈ വ്യക്തിത്വം സഹായിക്കും,” കോഹ്‌ലി പറഞ്ഞു.

Read Also: അനുഷ്ക ശർമ്മയുടെ ബീച്ച് ഫോട്ടോ വിരാട് കോഹ്‌ലിയുടെ ഹൃദയം കവർന്നു

നിലവിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് വിരാട് കോഹ്‌ലി. ഭാര്യ അനുഷ്കയും കോഹ്‌ലിക്കൊപ്പമുണ്ട്. വെസ്റ്റ് ഇൻഡീസിൽനിന്നുളള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.

2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” അനുഷ്ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook