മുംബൈ: റോഡിൽ പ്ലാസ്റ്റിക് മാലിന്യം വലിഞ്ഞെറിഞ്ഞതിന് യുവാവിനെ ശകാരിക്കുന്ന അനുഷ്‌ക ശർമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ ആരോപണ വിധേയനായ യുവാവ് അർഹാൻ സിങ് അനുഷ്‌ക ശർമ്മയ്‌ക്കും വിരാട് കോഹ്‌ലിയ്‌ക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് അർഹാൻ വക്കീൽ നോട്ടീസ് അയച്ചത്.

”എന്റെ നിയമോപദേശകർ വിരാട് കോഹ്‌ലിയ്‌ക്കും ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇപ്പോൾ ബോൾ അവരുടെ കോർട്ടിലാണ്, അതിനാൽതന്നെ ഇപ്പോൾ പ്രതികരിക്കുന്നില്ല. അവരുടെ മറുപടിക്കാണ് ഞാൻ കാത്തിരിക്കുന്നത്”, അർഹാൻ പറഞ്ഞു. അതേസമയം, വിഷയത്തെക്കുറിച്ച് അനുഷ്‌കയുടെ ലീഗൽ ടീം പരിശോധിക്കുകയാണെന്ന് അനുഷ്‌ക ശർമ്മയുടെ ഔദ്യോഗിക വക്താവ് ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട് കോമിനോട് വ്യക്തമാക്കി.

വിരാടിന്റെയും അനുഷ്‌കയുടെയും പ്രവൃത്തിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സഞ്ജയ് ഝായും ട്വീറ്റ് ചെയ്‌തിരുന്നു. ”സമൂഹത്തിൽ നല്ലൊരു പ്രവൃത്തി ചെയ്‌താൽ അത് സ്വയം പ്രൊമോട്ട് ചെയ്യരുത്. നിങ്ങൾക്ക് അത്രമാത്രം പബ്ലിസിറ്റി വേണോ?” അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

റോഡിൽ അർഹാൻ സിങ് മാലിന്യം വലിച്ചെറിയുന്നത് കണ്ട അനുഷ്‌ക യുവാവിനെ ശകാരിക്കുന്നതിന്റെ വീഡിയോ വിരാട് കോഹ്‌ലിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തത്. ”എന്തിനാണ് റോഡിൽ മാലിന്യം വലിച്ചെറിയുന്നത്? റോഡിൽ മാലിന്യം വലിച്ചെറിയരുത്? ദയവായി ശ്രദ്ധിക്കൂ”, ഇതായിരുന്നു അനുഷ്‌ക യുവാവിനോട് പറഞ്ഞത്.

വീഡിയോയ്‌ക്ക് വിരാടിന്റെയും അനുഷ്‌കയുടെയും ആരാധകരുടെ ഭാഗത്തുനിന്നും രണ്ടഭിപ്രായങ്ങളാണ് ഉയർന്നത്. ചിലർ അനുഷ്‌കയുടെ പ്രവൃത്തി ശരിയാണെന്നു പറഞ്ഞപ്പോൾ മറ്റു ചിലർ വീഡിയോ പോസ്റ്റ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ സ്റ്റാറാവാനുളള തന്ത്രമാണെന്നായിരുന്നു വിമർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ