ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്ക് പ്രണയസാഫല്യം. കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും തമ്മിലുള്ള വിവാഹം നടന്നു. അൽപ്പസമയം മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹ വാർത്ത ട്വിറ്ററിലൂടെ വിരാട് കോഹ്‌ലിയാണ് പുറത്ത് വിട്ടത്

ഇറ്റലിയിലെ മിലാനിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മിലാനിലെ സ്വകാര്യ റിസോർട്ടിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുമ്പോഴും ആരാധകര്‍ അന്വേഷിച്ചിരുന്നത് ഇവരുടെ വിവാഹക്കാര്യമായിരുന്നു.

ലോകപ്രശസ്തമായ ബോർഗോ ഫിനോച്ചെറ്റീയോ എന്ന റിസോർട്ടിൽവെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. 22 ബെഡ്റൂമുകൾ മാത്രമുള്ള റിസോർട്ടിൽ വലിയ സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതോടെ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ അനുഷ്കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടതോടെ വിവാഹ വാർത്ത ആരാധകർ ഏകദേശം ഉറപ്പിക്കുകയും ചെയ്തു. സഹോദരൻ കർണേഷിനും മാതാപിതാക്കൾക്കുമൊപ്പം അനുഷ്ക ഇറ്റലിയിലേക്കു പോയെന്നായിരുന്നു റിപ്പോർട്ട്.

വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ പിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കോഹ്‌ലിയുടെ മോശം ഫോമിനെ തുടർന്ന് അനുഷ്കക്കെതിരെ വിമർശനങ്ങൾ ഉണ്ടായപ്പോൾ കോഹ്‌ലി തന്നെ അനുഷ്കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ